“ഒരു കിലോ അരിക്ക് ഇന്ന് എന്താ വില ??” എന്ന് ചോദിച്ചാൽ മമ്മൂക്കക്കറിയാം, അത്ര അപ്പ്‌ ടു ഡേറ്റ് ആണ് അദ്ദേഹം.. ഇപ്പോഴും ചുള്ളൻ ആയി മമ്മൂക്ക ഇരിക്കുന്നതിന്റെ രഹസ്യം അതാണ്..” :- ജയറാം !

മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും ജനപ്രിയനായ നായകനാണ് ജയറാം.  ഒട്ടനവധി കുടുംബചിത്രങ്ങളിലൂടെ നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി കണ്ട് മലയാളികൾ സ്നേഹിക്കുന്ന നടൻ. മലയാള സിനിമയിലും തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും മുഖ്യധാരാ സിനിമകളിൽ സാന്നിധ്യമറിയിച്ച ജയറാം ഈ മേഖലകളിലെല്ലാം തന്നെ ഒരുപാട് മികച്ച സൗഹൃദങ്ങളും നിലനിർത്തിപ്പോരുന്നു. മലയാള സിനിമയിലെ സൂപ്പർ മെഗാ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ജയറാമിന് അടുത്ത സുഹൃത്തുക്കളാണ്. എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന ജയറാമിന്റെ ഈ സൗഹൃദ സമ്പാദ്യത്തെ അത്ഭുതത്തോടെയാണ് മമ്മൂട്ടി നോക്കിക്കണ്ടത്. ജെ.ബി ജംഗ്ഷൻ എന്ന അഭിമുഖ പരിപാടിയിൽ എത്തിയ ജയറാമിനോട് മമ്മൂട്ടി ചോദിക്കാൻ ആഗ്രഹിച്ചതും ഈയൊരു ചോദ്യം ആണ്. എങ്ങനെയാണ് എല്ലാവരോടും ഒരുപോലെ സൗഹൃദത്തിൽ ഇണങ്ങിച്ചേരാൻ കഴിയുന്നത് ?  ഇതിനു വലിയ ടെക്നിക് വല്ലതും ഉണ്ടോ ? എന്നാണ് വീഡിയോയിലൂടെ വന്ന് മമ്മൂട്ടി ജയറാമിനോട് ചോദിച്ചത്. 

ജയറാം ഇതിനു നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ജീവിതത്തിൽ നൂറായിരം ടെൻഷനുകളും മറ്റു കാര്യങ്ങളും നമുക്ക് ഉണ്ടെങ്കിലും മറ്റുള്ളവരോട് അത് പ്രതിഫലിപ്പിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. എല്ലാവരോടും  സന്തോഷത്തോടുകൂടി ഇരിക്കാനും സ്നേഹത്തോടെ ഇടപഴകാനും ആണ് ഇഷ്ടം എന്നും പറഞ്ഞ ജയറാം തനിക്ക് ദേഷ്യം കാണിക്കാനും ബഹളം വയ്ക്കാനും ഒക്കെ വീട്ടിൽ ഒരാൾ ഉണ്ടല്ലോ എന്ന് രസകരമായ രീതിയിൽ ഭാര്യ പാർവതി ജയറാമിനെ പരാമർശ്ശിച്ചുകൊണ്ട് പറയുകയും ചെയ്തു. 

പിന്നീട് മമ്മൂട്ടി എന്ന നടന്റെ ഏതു കാലത്തോടും പൊരുത്തപ്പെട്ട് പോവാനുള്ള അസാമാന്യകഴിവിനെ പ്രകീർത്തിച്ച് സംസാരിച്ച ജയറാം ഏതൊരു പുതിയ കാര്യവും അറിയുവാനും അത് കണ്ടെത്തുവാനുള്ള മമ്മൂട്ടിയുടെ ആഗ്രഹത്തെ കുറിച്ച് വാചാലനായി.

മമ്മൂക്ക വളരെ അപ് ടു ഡേറ്റ് ആണെന്നാണ് ജയറാം പറയുന്നത്. പുതിയ കാര്യങ്ങൾ എപ്പോഴും ഇങ്ങനെ അറിഞ്ഞു കൊണ്ടേയിരിക്കും. ഇന്ന് ഒരു കിലോ അരിക്ക് എന്താ വില ?? എന്ന് ചോദിച്ചാൽ നമുക്ക് പലർക്കും ചിലപ്പോൾ അറിഞ്ഞെന്നു വരില്ല. പക്ഷേ, മമ്മൂക്ക പറയും, അത്ര അപ്പ്‌ ടു ഡേറ്റ് ആണ് അദ്ദേഹം. പുതിയ കാര്യങ്ങൾ എപ്പോഴും ഇങ്ങനെ പഠിച്ചോണ്ടിരിക്കും. അതാണ് ആ ചെറുപ്പം. കുട്ടി ചുള്ളൻ ആയി സുന്ദരൻ ആയി മമ്മൂക്ക ഇരിക്കുന്നതിനെ രഹസ്യവും അതാണെന്ന് ജയറാം കൂട്ടിച്ചേർത്തു പറയുന്നു.