ഉസ്താദ് ഹോട്ടലിന് ശേഷം 7 വർഷങ്ങൾ കഴിഞ്ഞു “ഒരു അൻവർ റഷീദ് ചിത്രം” വരുന്നു : ഫഹദ് ഫാസിൽ നായകൻ ആവുന്ന ‘ട്രാൻസ്’ ഈ ഡിസംബറിൽ എത്തും !! ക്യാമറ – അമൽ നീരദ് !!

മലയാളസിനിമയിൽ തൊട്ടതെല്ലാം ബ്ലോക്ക്ബസ്റ്റർ ഹിറ്റാക്കിയ ഫിലിം മേക്കർ അൻവർ റഷീദ് ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും സംവിധായകൻ ആയി തിരിച്ചുവരുന്ന ചിത്രം ‘ട്രാന്‍സ്’ ഡിസംബറില്‍ തിയ്യേറ്ററുകളിലെത്തും. 2012ൽ പുറത്ത്വന്ന ദുൽഖർ സൽമാൻ നായകൻ ആയ ഉസ്താദ് ഹോട്ടലിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള സിനിമയായ ട്രാൻസസിൽ ഫഹദ് ഫാസിലാണ് നായകന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ് നിർമ്മാണം. ഈ ചിത്രത്തിന്റെ ആംസ്റ്റര്‍ഡാമിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുന്നു.ട്രാൻസില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്.

റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഇൻഡസ്ട്രി ഹിറ്റ്‌ രാജമാണിക്യം ആയിരുന്നു അൻവർ റഷീദ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അതുകഴിഞ്ഞു ചോട്ടാ മുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ വലിയ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ അൻവർ റഷീദ് നിർമ്മാതാവായി പ്രേമം, ബാംഗ്ലൂർ ഡേയ്‌സ്, പറവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും പ്രേക്ഷകർക്ക് നൽകി.