“ഡിപ്രഷനാണ് ഏറ്റവും വലിയ അസുഖം എന്ന് തോന്നിയിട്ടുണ്ട് ” ഇതൊക്കെ പറയുന്നത് കുഞ്ഞുണ്ടായതോടെ എല്ലാ തികഞ്ഞെന്നു കരുതിയല്ല. ഞങ്ങൾ കടന്നു വന്ന വഴികളിലൂടെ യാത്ര ചെയ്യുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ് !! : #ചാക്കോച്ചൻ

‘ഇസ്ഹാഖ് ബോബൻ കുഞ്ചാക്കോ’ വന്നതിലുള്ള നിർവൃതിയിലും ആനന്ദത്തിലും ജീവിതത്തിന്റെ പുതിയ ഒരു ഘട്ടം ആരംഭിക്കുകയാണ് കുഞ്ചാക്കോ ബോബൻ – പ്രിയ ദമ്പതികൾ. ഒരുപാട് നിരാശ പേറിയ നാളുകൾക്കു ശേഷം അതെല്ലാം മാറ്റി മറിക്കാൻ ദൈവം കനിഞ്ഞരുളിയ വരദാനം ആവുകയാണ് ഇസഹാക്ക് എന്ന പൊന്നോമന. ആ പൊൻപൂവിനെക്കുറിച്ചുള്ള ഓരോ ചോദ്യത്തിനും ഇവിടെയിതാ ഹൃദയം കൊണ്ട് മറുപടി പറയുകയാണ് ചാക്കോച്ചനും പ്രിയയും. വനിത ജൂലൈ ലക്കത്തിന് അനുവദിച്ച പ്രത്യേകിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ ചേർക്കുന്നു. 

  • റിസൽറ്റ് നെഗറ്റീവ് ആവുമ്പോൾ ഡിപ്രഷനിലേക്കു പോയവരുണ്ട്. അതൊക്കെ എങ്ങനെ മറികടന്നു?

ഇപ്പോഴത്തെ ഭീകരമായ അസുഖം കാൻസറൊന്നുമല്ല ഡിപ്രഷനാണെന്നു തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാൽ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോൾ ചിലർ ഡിപ്രഷൻ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലർ അതിൽ വീണു പോകും.

കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ‌റിസൽറ്റ് നെഗറ്റീവ് ആകുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷൻ വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്… വ്യായാമം ഡി പ്രഷൻ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റ ൺ കളി ഉഷാറാക്കി. ‘സൂര്യോദയം കാണുന്നതും’ ‘കളകളാരവം ’ കേൾക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാൻ സഹായിച്ചു.

ഇതൊക്കെ പറയുന്നത് കുഞ്ഞുണ്ടായതോടെ എല്ലാ തികഞ്ഞെന്നു കരുതിയല്ല. ഞങ്ങൾ കടന്നു വന്ന വഴികളിലൂടെ യാത്ര ചെയ്യുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ്.

പ്രിയ: മാസങ്ങളോളം ചുമരും നോക്കി കിടന്നിട്ടുണ്ട് ഞാൻ. ഒരേ മുറി, കുറെ ആകുമ്പോൾ മടുപ്പു വരും. സമയം ചലിക്കാതെയാകു. കൂട്ടിനുള്ളിൽ കിടക്കുന്നതു പോലെ.

എന്നിട്ടും റിസൽറ്റ് നെഗറ്റീവ് ആകുമ്പോൾ സഹിക്കാനാവില്ല. അപ്പോൾ ചാക്കോച്ചൻ പറയും, നമ്മൾ ദൈവത്തിന്റെ കൈയിലെ വെയ്റ്റിങ് ലിസ്റ്റിലാണ്. കാത്തിരിക്കാം. താമസിയാതെ കൺ‌ഫേംഡ് ലിസ്റ്റിലേക്കു കയറും. ഒാരോ പരാജയങ്ങൾക്കു ശേഷവും മൂഡ് മാറ്റാൻ ഞങ്ങൾ യാത്രകൾ പോയി. മിക്കപ്പോഴും എന്റെ അടുത്ത സുഹൃത്തുക്കളും ലീവ് എടുത്ത് ഞങ്ങൾക്കൊപ്പം വരും.