“ലോഹിതദാസ്‌ മരിക്കുന്നതുവരെ പലരാത്രികളിലും സേതുമാധവന്റെ കുടുംബം നശിപ്പിച്ചു എന്ന് പറഞ്ഞ്‌ ഇരുന്ന് കരഞ്ഞിരുന്നു..” ; ‘കിരീടം’ ഒരു വിങ്ങൽ ആയി മലയാളി പ്രേക്ഷകർ ചൂടിയിട്ട് 30 വർഷങ്ങൾ തികയുകയാണ്..

അനശ്വരനായ എ.കെ. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിച്ച് 1989 ജൂലൈ 7ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിരീടം. 2019 ജൂലൈ 7 ആകുമ്പോൾ കിരീടം ചൂടിയിട്ട് 30 വർഷങ്ങൾ തികയുകയാണ്. ഒരു പോലീസ് കോൺസ്റ്റബിളായ തിലകൻ കഥാപാത്രം അച്യുതൻ നായരുടെ മകനായ സേതുമാധവൻ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെയും തികച്ചും യാഥാർഥ്യം ഉൾക്കൊണ്ട ജീവിത ഗന്ധിയും സംഘർഷ ഭരിതവുമായ കഥയാണ് കിരീടം സിനിമയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷെ വിധി ഇതിനനുവധിക്കുന്നില്ല. ഒരിക്കൽ അച്യുതൻ നായർ മാർക്കറ്റിൽ പ്രശ്നമുണ്ടാക്കികൊണ്ടിരിക്കുന്ന ഈ സിനിമയിലെ വില്ലനായ കീരിക്കാടൻ ജോസിനെ അറസ്റ്റു ചെയ്യാൻ പോകുകയും അവിടെ വെച്ച് അച്യുതൻ നായരെ കീരിക്കാടൻ ജോസ് കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നു തന്റെ അച്ഛനെ മർദ്ധിക്കുന്നത് കണ്ട സേതുമാധവൻ അച്ഛനെ രക്ഷിക്കാൻ വേണ്ടി കീരിക്കാടൻ ജോസിനെ തിരിച്ചാക്രമിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഈ സംഭവത്തിനു ശേഷം സേതുമാധവൻ നാട്ടുകാരുടെ കണ്ണിൽ ഒരു ഗുണ്ടയായി മാറുകയും ചെയ്യുന്നു. ജയിൽ മോചിതനായ കീരിക്കാടൻ ജോസ് സേതുമാധവനോട് പകവീട്ടാൻ തുടങ്ങുകയും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതത്തിനു തന്നെ ഭീഷണിയാവുന്ന കീരിക്കാടൻ ജോസിനെ അവസാനം സേതുമാധവന് കൊല്ലേണ്ടി വരുകയും ചെയ്യുന്നു.

സേതുമാധവന്‍ എന്ന ആ കഥാപാത്രമായി മോഹൻലാൽ വിസ്മയിപ്പിച്ച ചിത്രം. അന്ന് മറ്റു കഥാപാത്രങ്ങൾ ചെയ്ത് ഒരു സൂപ്പർ താരമായി നമുക്കിടയിൽ നില മോഹൻലാൽ കൊള്ളുമ്പോഴും സേതുമാധവൻ എന്ന കഥാപാത്രത്തെ മോഹൻലാൽ എന്ന താരത്തിൽ നിന്നും വേറിട്ട് കാണാനാണ് ഇന്നും തോന്നുന്നത്, അത് മോഹൻലാൽ എന്ന നടന്റെ വിജയമാണെങ്കിൽ കൂടിയും അങ്ങനെയുള്ള സേതുമാധവൻ ജയിൽ ശിക്ഷ കഴിഞ്ഞ്, പോയ കാലത്തിന്റെ ദുഃഖസ്മരണകളും പേറി ഇന്നും നമുക്കിടയിലെവിടെയോ ജീവിച്ചിരിക്കുന്നു എന്ന് വെറുതെയെങ്കിലും ഒന്ന് സങ്കല്പിക്കാനുള്ള ഒരു സാധ്യത, അതാണ്‌ രണ്ടാം ഭാഗമായ ചെങ്കോലോട് കൂടി ഇല്ലാതായത് എന്നത് മലയാളികളെ ഏറെ നൊമ്പരപ്പെടുത്തിയ ഒന്നാണ്. കീരിക്കാടന്റെ സന്തതിയുടെ കുത്തേറ്റു മരണമുറപ്പിച്ച സേതുമാധവൻ ഇനിയൊരിക്കലും തിരിച്ചു വരില്ലല്ലോ !! പലരും പറയുന്നത് കേൾക്കാം കിരീടം വൈകാരികവും ചെങ്കോൽ അതിവൈകാരികവുമാണെന്ന്. 

അല്ലെങ്കിൽ ചെങ്കോലിൽ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ദുരന്ത പരിവേഷം ചമയ്ക്കാൻ ലോഹിതദാസ് ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന്. അതിൽ തെറ്റ് പറയാനാവില്ല. കാരണം അത് സത്യമാണ്. ദുരന്തങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്ക് തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കഥാഗതി എത്ര മാത്രം അതിവൈകാരികമാണെന്ന് പറഞ്ഞാലും ശരി, അതെത്ര മാത്രം ശക്തമായി പ്രേക്ഷകനെ അനുഭവപ്പെടുത്തുന്നു എന്നതിലാണ് എഴുത്തുകാരന്റെ പ്രതിഭ. കിരീടത്തിൽ നിന്ന് ചെങ്കോലിലേക്ക് വരുമ്പോൾ അത്രയും വർഷത്തെ ആ ഒരു ഇടവേള തിലകൻ കഥാപാത്രം അച്ചുതൻ നായരിലുണ്ടാക്കിയ മാനസിക സംഘർഷം മാത്രം ഒരു സിനിമയിൽ പിടിക്കാനുണ്ട്. അത്രയും ഡെപ്ത് ഉണ്ടായിരുന്നു കഥാപാത്രങ്ങളുടെ മാറ്റം.അച്ചുതൻ നായരിൽ മാത്രമല്ല, അതിലെ ഓരോ കഥാപാത്രങ്ങളുടെയും സംഘർഷം, കാലത്തിനനുസരിച്ചുള്ള മാറ്റം.

പരമേശ്വരന്റെ കുറ്റസമ്മതം തൊട്ട് കട്ടിലിൽ തളർന്നു കിടക്കുന്ന, അടിമുതൽ മുടി വരെ പക എരിഞ്ഞതിന്റെ പര കോടിയിൽ എത്തി നിൽക്കുന്ന കീരിക്കാടന്റെ അച്ഛൻ വരെ. ” ഈ കട്ടിലിൽ നിന്ന് ഒന്ന് എണീറ്റ് നിന്നിരുന്നെങ്കിൽ കൊന്നവന്റെ കൊടലെടുത്ത് ഞാൻ മാലയിട്ടേനെ, അവന്റെ ചോര പറ്റിയ കൈ കൊണ്ട് ഒരു പിടി ചോറു വാരിത്തരണമെടാ അപ്പന് ” അത്രയും ഇന്റൻസീവാണ് അതിലെ പല സംഭാഷണങ്ങളും.” തീയാണ് തീക്കുടുക്കയാണ് ഉള്ളിൽ, അറിയോ? ഇല്ല, ആർക്കുമറിയില്ല. അറിഞ്ഞറിഞ്ഞ് വരുമ്പോഴേക്കും ഞാൻ ഉണ്ടാവില്ല” എന്നൊക്കെ അച്ചുതൻ നായർ പറയുന്നത് ഇപ്പോഴും ഓർമ്മയിൽ  ആഴത്തിൽ പതിഞ്ഞിരിക്കുന്നു. 

സ്വന്തം സഹോദരിയെ ഹോട്ടൽ മുറിയിൽ ചാരായക്കമ്പനിയുടെ മുതലാളിയോടൊപ്പം കണ്ടുമുട്ടുന്ന ആ രംഗം ഇപ്പോഴും ഓരോ പ്രേക്ഷക മനസ്സിൽ നിന്നും  മനസ്സിറങ്ങിപ്പോയിട്ടില്ല. നാടകക്കാരിയായ മകളെ കൂട്ടിക്കൊടുക്കേണ്ട ഗതി വരുന്ന അച്ചുതൻ നായരെ, അത് അങ്ങനെ അവതരിപ്പിച്ച രീതിയെ അന്നും ഇന്നും പലരും വിമർശിച്ചു കാണുന്നു. ആ രംഗത്തിൽ സേതുമാധവൻ പറയുന്ന ഡയലോഗ് : “നിങ്ങളാണോ അച്ഛൻ ? നിങ്ങളെയാണോ ഞാൻ അച്ഛാ എന്ന് വിളിച്ചത്. സ്നേഹിച്ചത് ? ആരാധിച്ചത് ? ബഹുമാനിച്ചത് ?” എന്നുള്ളതും സഹോദരി “ഏട്ടന് ഇപ്പൊ കാശ് വേണോ?” എന്ന് ചോദിക്കുമ്പൊ ഒന്നും പറയാതെ വേണ്ടെന്ന് തലയാട്ടി പിൻതിരിഞ്ഞ് നടക്കുന്ന സേതുവിനെയും എങ്ങനെ മറക്കാൻ കഴിയും ?

കിരീടത്തേക്കാൾ തീവ്രമായ വൈകാരിക അന്തരീക്ഷം ചെങ്കൊലിൽ അനുഭവപ്പെടുത്തുന്നതിൽ ലോഹിതദാസ് വിജയിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്നിരുന്നാലും എന്തിന് ലോഹിതദാസ് ചെങ്കോലിലൂടെ കിരീടം എന്ന സിനിമക്ക് എന്നന്നേക്കുമായി ഒരു അന്ത്യം  കല്‍പ്പിച്ചു ? എന്തുകൊണ്ട് സേതുമാധവന്റെ ജീവിതം തകര്‍ത്തുകളഞ്ഞു ? ഈ ചോദ്യങ്ങള്‍ മലയാളി ഉള്ളില്‍ പലവുരി ചോദിച്ച് കാണണം. ഇത്രമേല്‍ സ്പര്‍ശിച്ച ഒരു രണ്ടാം ഭാഗം പിന്നീട് മലയാളസിനിമ കണ്ടിട്ടില്ല. അത് ഒരു എഴുത്തുകാരന്റെ വിജയം ആയിരിക്കാം അതൊക്കെ. എന്നാലും ലോഹിതദാസ്‌ മരിക്കുന്നതുവരെ പലരാത്രികളിലും സേതുമാധവന്റെ കുടുംബം നശിപ്പിച്ചു എന്ന് പറഞ്ഞ്‌ ഇരുന്ന് കരഞ്ഞിരുന്നുവെന്ന് അദ്ധേഹത്തിന്റെ ഭാര്യ പറഞ്ഞു കേട്ടിട്ടുണ്ട്‌. അതെന്തിനായിരുന്നു ?

1989-ൽ ഇറങ്ങിയ ആദ്യ ഭാഗത്തേക്കാൾ വലിയ പ്ലോട്ടും എണ്ണമറ്റ കഥാപാത്രങ്ങളും നാല് വർഷങ്ങൾക്കിപ്പുറം റിലീസായ ചെങ്കൊലിനു അവകാശപ്പെടാൻ ഉണ്ടെങ്കിലും ബോക്സ്‌ ഓഫിസിൽ കിരീടത്തിനു ഒപ്പമെത്താൻ ചെങ്കൊലിനു കഴിഞ്ഞില്ല .ഇതൊരു പരാജയമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഏതാണ് ഏറ്റവും മികച്ചതെന്ന കാര്യത്തിൽ ഇപ്പോഴും പ്രേക്ഷകർ ഇരു ചേരികളിലാണ് എന്നതാണ് സത്യം. ഒരു വിഭാഗം കിരീടത്തോട്,, മറു വിഭാഗം ചെങ്കോലിനോടും !! രണ്ടാമതൊന്നു കാണാൻ കഴിയില്ല എന്ന തോന്നലിൽ ചെങ്കോൽ തള്ളിക്കളയുന്നവരുമുണ്ട്. സുഖിപ്പിക്കുന്ന ഒരു അനുഭവത്തേക്കാൾ ആഴത്തിൽ മനസ്സിൽ തറഞ്ഞിറങ്ങിയിക്കും മുറിവേൽപ്പിക്കുന്ന ഒരു അസുഖകരമായ ഒരു അനുഭവം. ഈ സിനിമയെക്കുറിച്ച് അത്രയേ പറയാനുള്ളൂ. അത്രമാത്രം..