ഫീൽഡ് ഔട്ട് ആകുമായിരുന്ന ഒരു സാഹചര്യത്തിൽ നിന്നും പിടിച്ചുകയറി നാഷണൽ അവാർഡ്, സ്റ്റേറ്റ് അവാർഡ്, പത്മശ്രീ വരെ നേടി.. മമ്മൂട്ടി നമുക്ക് ആവേശവും മാതൃകയും.. :- പുതിയ പഠനവുമായി മല്ലു അനലിസ്റ്റ് !

മെഗാസ്റ്റാർ മമ്മൂട്ടി, അഭിനയം കൊണ്ട് സിനിമാമേഖലയിൽ ഏറ്റവും ഉന്നതിയിൽ എത്തി നിൽക്കുന്ന മഹാനടൻ. അദ്ദേഹം തന്റെ വ്യക്തിജീവിതത്തിലും അതേ നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവാണ്. ഇത് പൊതുവേ ഏവർക്കും വ്യക്തമാകുന്ന പല മുഹൂർത്തങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് തന്നെ കാണാം. അനാവശ്യമായി ഒരു വിവാദത്തിലോ പരാമർശത്തിലോ മമ്മൂട്ടി തന്റെ പേര് വലിച്ചിഴയ്ക്കുന്നില്ല. എന്നാൽ അപ്പോഴും തന്റെ നിലപാടുകളും ആദർശങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലാണ് മമ്മൂട്ടി.

ഇപ്പോഴും ഒരു ഗോസിപ്പുകളിലും പെടാതെ ഇത്രയും വർഷങ്ങളായി സിനിമ മേഖലയിൽ ഒരു മെഗാസ്റ്റാർ ആയി നിലകൊള്ളുന്ന അദ്ദേഹം എല്ലാവർക്കും മാതൃകയാണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് പലവിധത്തിലുള്ള പഠനങ്ങളും പലരാൽ ഇതുവരെ നടന്നു കഴിഞ്ഞു. ഇന്നും അത് പല പല രൂപത്തിൽ ഭാവത്തിൽ പലരും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ മറ്റുള്ളവരോടുള്ള സംഭാഷണശൈലിയെക്കുറിച്ച് ഇതുവരെ അധികമാരും പരാമർശിച്ച് നമ്മൾ കണ്ടിട്ടില്ല. അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിൽ ഇതിൽ അവതാരകരുരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും ആരാധകർ തന്നെചർച്ച ചെയ്യാറുണ്ട്. ഓരോ അഭിമുഖത്തിലും ഓരോ അവതാരകരോടും മമ്മൂട്ടി സംസാരിക്കുന്ന വിധം വ്യത്യസ്തമാണ് എന്ന് കാണാം. ഇതിനെക്കുറിച്ച് വിശദമായ ഒരു പഠനം നടത്തിയിരിക്കുകയാണ് മല്ലു അനലിസ്റ്റ്. വളരെ വിശദമായിത്തന്നെ മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ഓരോ അഭിമുഖവും വിലയിരുത്തിക്കൊണ്ട് മല്ലു അനലിസ്റ്റ് വിവേക് പൂന്തിയിൽ ബാലചന്ദ്രൻ പഠനം ചെയ്തിരിക്കുന്നു. അതെങ്ങനെയാണ് എന്താണ് എന്ന് നോക്കാം.

മല്ലു അനലിസ്റ്റ് വിവേക് പൂന്തിയിൽ ബാലചന്ദ്രൻ എഴുതുന്നു..

“മമ്മൂട്ടിയുടെ ഇൻറർവ്യൂ അനലൈസ് ചെയ്യുമ്പോൾ..

അഭിമുഖങ്ങൾ നമുക്കു വ്യക്തികളെ മനസിലാക്കാനുള്ള അവസരമാണ്. അഞ്ച് മിനിറ്റ് ഒരാളോട് സംസാരിച്ചാൽ നമുക്ക് അവർ എന്താണെന്ന് മനസ്സിലാക്കാം എന്നാണല്ലോ പറയപ്പെടുന്നത്. അതിനുപക്ഷേ മുന്നിൽ ഇരിക്കുന്ന ആൾ മനസ്സുതുറക്കാൻ തയ്യാറായാൽ മാത്രം പോരാ ചോദിക്കുന്നയാൾ സെൻസിബിൾ കൂടി ആയിരിക്കണം. അങ്ങനെ നോക്കുമ്പോൾ നമ്മുടെ മമ്മൂട്ടിയുമായി കരൺ ഥാപ്പർ 2002-ൽ നടത്തിയ BBC ഇൻറർവ്യൂ അത്തരത്തിൽ മികച്ച ഒന്നാണെന്നു പറയാം. തൻറെ കരിയറിനെപറ്റി, അതിൻറെ ഉയർച്ച താഴ്ചകളെ പറ്റി, മോഹങ്ങളെ പറ്റി എല്ലാം മനസ്സിൽ മറവയ്ക്കാതെ പറയാൻ കഴിവുള്ള വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടി എന്ന വ്യക്തിയെ ആ ഇൻറർവ്യൂവിന്റെ  അടിസ്ഥാനത്തിൽ അനലൈസ് ചെയ്യുന്നതാണ്  ഈ പോസ്റ്റ്.

ചെറുപ്പത്തിൽ കണ്ട സിനിമയിലെ നായകൻ നായികയെ രക്ഷിച്ച് കുതിരപ്പുറത്തു പോകുന്നത് കണ്ടപ്പോഴാണ് സിനിമയിൽ നായകനാകണം  എന്ന മോഹം ഉണ്ടായത് എന്ന് പറഞ്ഞ മമ്മൂട്ടിയോട് അവതാരകൻ ചോദിക്കുന്നുണ്ട് കുതിരപ്പുറത്ത് പോകുന്നതാണോ അതോ നായികയെ രക്ഷിക്കുന്നതാണോ ഏതാണ് ആ ആഗ്രഹത്തെ വലുതാക്കിയത് എന്ന്. അതിന് മമ്മൂട്ടി പറയുന്ന ഉത്തരം രണ്ടുമല്ല ഒരുപക്ഷേ എന്നിലെ നാർസിസ്റ്റ് ആയിരിക്കാം അതിനു കാരണം എന്നാണ്. നാർസിസ്റ്റ് എന്നത് പൊതുവേ ഒരു നെഗറ്റീവ് ക്വാളിറ്റിയാണ്. സ്വന്തം ഇമേജിനോടുള്ള അമിതമായ ആരാധന, തന്നെ മറ്റുള്ളവർ ആരാധിക്കണം എന്ന ആഗ്രഹം ഇതൊക്കെയാണ് നാർസിസം. നമ്മിൽ എല്ലാവരിലും തന്നെ ചെറിയ തോതിൽ ഈ നാർസിസം ഉണ്ട്.  എല്ലാവരും തന്നെ ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ മറ്റുള്ളവരെ വിജയിക്കാൻ ആഗ്രഹിക്കുന്നവർ ആണല്ലോ. മറ്റുള്ളവരുടെ പ്രശംസ കേൾക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്നിൽ നാർസിസം ഉണ്ടെന്നും അതായിരിക്കാം തന്നെ ഇവിടെ എത്തിച്ചതെന്നും പറയാനുള്ള ധൈര്യം മമ്മൂട്ടിയിൽ  മാത്രമേ കണ്ടിട്ടുള്ളൂ. ഈ ധൈര്യവും തുറന്ന മനോഭാവവും മമ്മൂട്ടിയുടെ അഭിമുഖത്തിൽ എല്ലാം തന്നെ കാണാൻ കഴിയും.  

അദ്ദേഹത്തിൻറെ അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ അദ്ദേഹം എല്ലായിടത്തും പ്രകടിപ്പിക്കുന്ന ചില സ്വഭാവങ്ങൾ ഉണ്ട്.  അവ  ഇതൊക്കെയാണ്:

  1. മുന്നിലിരിക്കുന്നതു ആര് തന്നെയായാലും അവരെ ഡോമിനേറ്റ്  ചെയ്യുന്ന ശരീര ഭാഷ – ഒരുപക്ഷെ ഈ ഒരു സ്വഭാവം കൊണ്ടായിരിക്കാം ഭാസകര പട്ടേലരും മുറിക്കുംകുന്നത്ത് അഹമ്മദ് ഹാജിയും പഴശ്ശി രാജയുമൊക്കെ വെറും കഥാപാത്രങ്ങളായി മാറാതെ അവിസ്മരണീയമായിത്തതീർന്നത് .
  2. ഇടയിൽ കയറി പറയുക – ഒരുപക്ഷെ അതിന്റെ ഒരു കാരണം തന്നെ അല്ലെങ്കിൽ തന്റെ മനസ്സിലുള്ള കാര്യങ്ങളെ എക്സ്പ്രസ്സ് ചെയ്യാനുള്ള ത്വര അദ്ദേഹത്തിന് ഒരുപാടുള്ളത് കൊണ്ടാകാം. 
  3. സംവാദം ചെയ്യാനുള്ള മിടുക്ക് ഒപ്പം ഉരുളക്കുപ്പേരി പോലെ സംസാരിക്കാനുള്ള കഴിവ് – ഈ ഒരു കഴിവ് കൊണ്ടായിരിക്കാം ഡയലോഗ് ഡെലിവറിയിലും വാക്കുകളുടെ സമർത്ഥമായ ഉപയോഗത്തിലും അദ്ദേഹം വേറിട്ട് നിൽക്കുന്നത്. 
  4. എന്തുസിയാസം 
  5. ഒരു   വികാരത്തെ കുറിച്ച് പറയുമ്പോൾ ആ വികാരത്തോടെ തന്നെ പറയുക – അതായത് തനിക്കുണ്ടായ ദേഷ്യത്തെക്കുറിച്ച് അല്ലെങ്കിൽ പാഷനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തും വാക്കുകളിലും ആ വികാരങ്ങൾ കാണാൻ കഴിയും. 
  6. മറയില്ലാത്ത സംസാരരീതി 

തൻറെ നേട്ടങ്ങളിൽ സന്തോഷിക്കുന്ന, അഭിമാനിക്കുന്ന, ഏതെങ്കിലും നേട്ടം മുന്നിലിരിക്കുന്ന  ആൾ മറന്നു പോയിട്ടുണ്ടെങ്കിൽ അത് കൂടെ അവരെ ഓർമിപ്പിക്കുന്ന മമ്മൂട്ടിയെയാണ് അഭിമുഖങ്ങളിൽ നമുക്ക് കാണാൻ കഴിയുക. സൂക്ഷിച്ചു നോക്കിയാൽ അതിനു പിന്നിലെ കാരണവും നമുക്ക് മനസ്സിലാകും. കഠിനാധ്വാനം, സമർപ്പണം, തിരിച്ചുവരവ് എന്നിവയൊക്കെ പറയുമ്പോൾ നമ്മൾ ഫഹദ് ഫാസിൽ, വിജയസേതുപതി എന്നിവരെയൊക്കെയാണ് ഓർക്കുകയെങ്കിലും മമ്മൂട്ടി എന്ന നടൻ തൻറെ കരിയറിൽ നേടിയതെല്ലാം കഷ്ടപ്പെട്ടും അവഗണനയുടെ  രുചി അറിഞ്ഞും തന്നെയാണു എന്നതാണ് അതിനുള്ള  കാരണം.  തനിക്ക് സന്തോഷിക്കാനും അഹങ്കരിക്കാനും അവകാശമുണ്ടെന്നു കരിയർ ഗ്രാഫിലെ  വരകൾ കാട്ടി അദ്ദേഹം പറയാതെ പറയുന്നുണ്ട്. തന്നിലെ നടനെ ആളുകൾ അണ്ടർഎസ്റ്റിമേറ്റ് ചെയ്ത, തൻറെ കഥാപാത്രങ്ങളെ  ആളുകൾ മടുത്തുപോയ ഒരു കാലം തനിക്കുണ്ടെന്നും ഡെസ്പരേറ്റ് ആയിരുന്നു അന്ന് താനെന്നും അഭിനയം നിർത്തി മറ്റെന്തെങ്കിലും ചെയ്യാൻ ഇരുന്ന സമയത്താണ് ന്യൂഡൽഹി വന്നതെന്നും അതിനുശേഷമാണ് താനൊരു ആക്ടർ ആയതെന്നും അതുവരെ ഹീറോ മാത്രമായിരുന്നെന്നും പറയുന്ന മമ്മൂട്ടി തൻറെ കഴിവുകളെ കുറിച്ചും പരിമിതികളെക്കുറിച്ചും അത്രമാത്രം ബോധവാനാണ്. 

ആ ഒരു ബോധത്തെ നമ്മൾ തെറ്റിദ്ധരിച്ചു പോകുന്നത്  ആയിരിക്കാം അദ്ദേഹം അഹങ്കാരിയാണെന്ന തോന്നൽ നമ്മിൽ ഉണ്ടാക്കുന്നത്.  ഇൻറർവ്യൂകളിലെ മേൽപ്പറഞ്ഞ പെരുമാറ്റം എല്ലാം തന്നെ അങ്ങനെയൊരു ബോധം അദ്ദേഹത്തിനുള്ളതിൻറെ അടയാളങ്ങളാണ്. കൂടെ സ്വതസിദ്ധമായ എന്തുസിയാസവും. തൻറെ കാഴ്ചപ്പാടുകളെ മോണോടോണസ് ആയി പറഞ്ഞു പോകാൻ അദ്ദേഹത്തിന് കഴിയില്ല. സിനിമയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിൻറെ ആവേശം ഏറിയും കുറഞ്ഞും പോകുന്ന ശബ്ദങ്ങളിലൂടെ നമുക്ക് അനുഭവിക്കാൻ കഴിയും.

തന്റെ ശരീരം വെൽ ബിൽറ്റ് ആണെന്നും തൻറെ സഹോദരങ്ങൾ തന്നെക്കുറിച്ച് അഭിമാനിക്കുന്നു എന്നും താൻ വിനയ ശീലമുള്ളവനാണ് എന്നു മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കണമെന്ന ആഗ്രഹം ഇല്ല എന്നു പറയുന്നിടത്തും  കിട്ടിയ അവാർഡുകളെക്കുറിച്ച് അവതാരകൻ പറയുമ്പോൾ വിട്ടുപോയ പത്മശ്രീ കൂട്ടിചേർക്കുമ്പോഴും ഒരു സെലിബ്രിറ്റിക്ക് വേണ്ട pseudo വിനയം എടുത്തണിയാൻ മമ്മൂട്ടി ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഫീൽഡ് ഔട്ട് ആകുമായിരുന്നു ഒരു സാഹചര്യത്തിൽ നിന്നും പിടിച്ചുകയറി നാഷണൽ അവാർഡ്, സ്റ്റേറ്റ് അവാർഡ്, പത്മശ്രീ വരെ നേടിയെടുത്തപ്പോൾ ആ അംഗീകാരങ്ങൾ ഓരോന്നും വളമാക്കി മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന, തൻറെ നേട്ടങ്ങളെ വലുതായി കാണുന്ന ഒരു സാധാരണക്കാരൻ മനസ്സ് നമുക്ക് മുന്നിൽ തുറന്നിടാൻ മടിയില്ലാത്ത പച്ചയായ മനുഷ്യനാണ് അഭിമുഖങ്ങളിൽ മമ്മൂട്ടി. നമുക്ക് ആവേശവും മാതൃകയും ആക്കാം, വേണമെങ്കിൽ ഇത്തിരി നാർസിസവും ആകാം. കാരണം മമ്മൂട്ടി പറഞ്ഞതുപോലെ നമ്മുടെ കഴിവുകളിൽ സ്വന്തം മാത്രം വിശ്വസിച്ചിട്ട് കാര്യമില്ല നമുക്ക് കഴിവുണ്ടെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കേണ്ടത് കൂടിയുണ്ട്. 

Written by ‘The Mallu Analyst’
Vivek Poonthiyil Balachandran