സല്യൂട്ട് ടു കേരള പോലീസ് !! മലയാള സിനിമ കണ്ട ഏറ്റവും മികച്ച ‘യഥാർത്ഥ പോലീസ് സ്റ്റോറി’കളിൽ ഒന്നായി ഉണ്ട. #Review

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ഖാലിദ് റഹ്‌മാൻ അണിയിച്ചൊരുക്കിയ ചിത്രം ഉണ്ട തികച്ചും ഒരു റിയലിസ്റ്റിക് സിനിമ അനുഭവമാണ്. വലിയ സിനിമാറ്റിക് ഭാവങ്ങൾ ഒന്നുമില്ലാതെ അതെ ഒരു പച്ചയായ ചലച്ചിത്രാവിഷ്കാരം ആകുന്നു ഈ മമ്മൂട്ടിച്ചിത്രം. ഏറെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന കാഴ്ചകൾ കൊണ്ടും അതിനനുസൃതമായ പശ്ചാത്തലസംഗീതം കൊണ്ടും വളരെ മികച്ച വിഷ്വൽ മേക്കിങ് ഉണ്ടയുടെ മേന്മ വർദ്ധിപ്പിക്കുന്നു. ഇങ്ങനെയൊരു പോലീസ് ചിത്രം മലയാള സിനിമ ഇതുവരെ സാക്ഷ്യംവഹിച്ച കാണില്ല എന്ന് തോന്നിപ്പിക്കും വിധമാണ് ഈ പോലീസ് സ്റ്റോറി വളരെ നാച്ചുറൽ ആയി പ്രേക്ഷകരോട് സംവദിക്കുന്നത്.

സീനിയർ പോലീസ് ഓഫീസർ എസ്. ഐ. മണികണ്ഠൻ എന്ന സബ് ഇൻസ്പെക്ടറുടെ കീഴിൽ ഛത്തീസ്ഗഡിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ഒരു കൂട്ടം യുവ കേരള പോലീസുകാർ. അവർ ചത്തീസ്ഗഢിൽ എത്തുന്നതു മുതൽ ഇലക്ഷൻ ദിവസം വരെ അവിടെ തങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ മാവോയിസ്റ്റ് ആക്രമണത്തെ ഭയന്ന് അതിനെ പ്രതിരോധിക്കാനും അവിടെയുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മുന്നോട്ടു പോകുന്ന കഥാഗതിയാണ് പറയുന്നത്. ഈ സിനിമക്ക് ഉണ്ട എന്ന് പേരുവരാനുള്ള കാരണം പോലും വളരെ വ്യക്തമായി നമുക്ക് സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിലാകും. വേണ്ടത്ര സെക്യൂരിറ്റി ഗാർഡ് ഇല്ലാതെ ചത്തീസ്ഗഢ്ലേക്ക് എത്തുന്ന കേരള പോലീസ് സംഘത്തിന് അവരുടെ തോക്കുകൾ ഇലേക്ക് ഉണ്ട് ഒരു പ്രധാന ആവശ്യമായി കഥാഗതിയിൽ മാറുന്നുണ്ട്.

ഈ സിനിമ നോർത്ത് ഇന്ത്യൻ റൂറൽ ഏരിയകളിൽ നടക്കുന്ന ഇലക്ഷനുമായി ബന്ധപ്പെട്ടും അവിടെ ഇന്നും നിലനിൽക്കുന്ന മാവോയിസ്റ്റ് സങ്കൽപങ്ങളുമായി ബന്ധപ്പെട്ടും നിരവധി കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്. കേരള പോലീസിനും വളരെ മികച്ച ഒരു പരിവേഷം ഈ ചിത്രത്തിലൂടെ നൽകിയിരിക്കുന്നു. വളരെ സാമൂഹിക – രാഷ്ട്രീയ പ്രസക്തിയുള്ള വിഷയങ്ങളാണ് ഉണ്ടയിലൂടെ സംവിധായകൻ രംഗത്ത് കൊണ്ടുവരുന്നത്.

മമ്മൂട്ടി അദ്ദേഹത്തിന്റെ കരിയറിൽ ഇതുവരെ അഭിനയിച്ച പോലീസ് സിനിമകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയമാണ് ഉണ്ടയിൽ എസ്. ഐ. മണികണ്ഠൻ ആയി കാഴ്ചവെക്കുന്നത്. ഒരു സാധാരണക്കാരനായ സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ കടമകളും ഉത്തരവാദിത്വബോധവും കൂട്ടത്തിലുള്ള ജൂനിയർ പോലീസ് ഉദ്യോഗസ്ഥരോടുള്ള കമ്മിറ്റ്മെന്റ് ഇവയെല്ലാം മമ്മൂട്ടി കഥാപാത്രം വളരെ റിയലിസ്റ്റിക് അഭിനയത്തോടെ തിരശീലയിൽ ജീവിക്കുന്നതായി തോന്നും വിധമാണ് അദ്ദേഹത്തിന്റെ പെർഫോമൻസ്. മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് എസ്. ഐ മണികണ്ഠൻ എന്ന കഥാപാത്രം. അദ്ദേഹത്തിനൊപ്പം ഒരു കൂട്ടം യുവ അഭിനേതാക്കളും പോലീസുകാരുടെ വേഷത്തിൽ ഉണ്ടയിൽ അണിനിരക്കുന്നു.

യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ വളരെ പ്രധാനപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ കഥാപാത്രമാവുമ്പോൾ റോണി ഡേവിഡ് മറ്റൊരു പോലീസ് കഥാപാത്രമായി എത്തുന്നു. ഹരിശ്രീ അശോകന്റെ മകനും, അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന അർജുൻ അശോകനാണ് ഉണ്ടയിൽ ശ്രദ്ധേയനായ മറ്റൊരു യുവതാരം. അതോടൊപ്പം മികച്ച കുറച്ച് പുതുമുഖ അഭിനേതാക്കളെ കൂടി ഈ സിനിമയിൽ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. അവരിൽ ജേക്കബ് ഗ്രിഗറി, ഗോകുലൻ, ലുക്മാൻ, അഭിറാം പൊതുവാൾ, നൗഷാദ് ബോംബെ എന്നിവർ പി.സി വേഷങ്ങളിൽ മികവ് പുലർത്തുന്നു. ചെറിയ വേഷങ്ങളിൽ ഷാജോൺ, സംവിധായകൻ രഞ്ജിത്ത്, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ അഭിനയ സാന്നിധ്യവും സിനിമയിലുണ്ട്. ആസിഫ് അലിയും വിനയ് ഫോർട്ടും ഒരു നിർണായക സമയത്ത് അതിഥിതാരങ്ങളായി ഉണ്ടയിൽ എത്തുന്നുണ്ട്.

സംവിധായകൻ ഖാലിദ് റഹ്മാന്റേതാണ് ഉണ്ടയുടെ കഥ. ഹർഷാദും ചിത്രത്തിന്റെ തിരക്കഥ വളരെ റിയലിസ്റ്റിക്കായി വലിയ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ തയ്യാറാക്കിയിരിക്കുന്നു. പശ്ചാത്തല സംഗീതത്തിൽ പ്രശാന്ത് പിള്ള അസാധ്യമായി സ്കോർ ചെയ്യുന്നു. മൂവി മിൽ, ജെമിനി സ്റുഡിയോസുമായി ചെയ്ത് നിർമ്മിക്കുന്ന ഉണ്ടയുടെ നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ ആണ്. ശാം കൗശൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നു. ഛായാഗ്രാഹകൻ സജിത്ത് പുരുഷനാണ് ഉണ്ടയുടെയും ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.