ഉണ്ടയിലെ ‘എസ്.ഐ. മണികണ്ഠൻ’ : മമ്മൂട്ടിയുടെ കരിയറിൽ അദ്ദേഹം പകർന്നാടിയ പോലീസ് കഥാപാത്രങ്ങളിലെ ഒരു പൊൻതൂവൽ ! #ക്യാരക്ടർ_റിവ്യൂ

1982-ൽ പുറത്തിറങ്ങിയ യവനികയിൽ ആയിരുന്നു മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പോലീസ് വേഷം കൈകാര്യം ചെയ്യുന്നത്. ജേക്കബ് ഈരാളി എന്ന കഥാപാത്രം. ആ ജേക്കബ് ഈരാളി മുതൽ ഡെറിക് എബ്രഹാം വരെ മമ്മൂട്ടി അഭ്രപാളിയിൽ പകർന്നാടിയ എത്രയോ പോലീസ് കഥാപാത്രങ്ങൾ. ഇപ്പോൾ ഇതാ ഉണ്ടയിലെ എസ്.ഐ മണികണ്ഠനും. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട മമ്മൂട്ടി ഇതുവരെ അഭിനയിച്ച എല്ലാ പോലീസ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ വ്യത്യസ്തതയും റിയലിസ്റ്റിക് അഭിനയവും കൊണ്ട് ഒരു പടി മുകളിൽ പോയി എന്നു പറഞ്ഞാലും അതിൽ അതിശയോക്തി തീരെയില്ല. ഒരു കൂട്ടം യുവ പോലീസുകാരുടെ രക്ഷാധികാരിയായ എസ്.ഐ മണികണ്ഠൻ എന്ന  കഥാപാത്രത്തെയാണ് മമ്മൂട്ടി ഉണ്ടയിൽ പകർന്നാടിയത്. 

എസ്.ഐ മണികണ്ഠൻ എന്ന ഉണ്ടയിലെ കഥാപാത്രത്തിലൂടെ വളരെ സാധാരണക്കാരനായ സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ കടമകളും ഉത്തരവാദിത്വബോധവും കൂട്ടത്തിലുള്ള ജൂനിയർ പോലീസ് ഉദ്യോഗസ്ഥരോടുള്ള കമ്മിറ്റ്മെന്റ് ഇവയെല്ലാം മമ്മൂട്ടി കഥാപാത്രം വളരെ റിയലിസ്റ്റിക് അഭിനയത്തോടെ തിരശീലയിൽ ജീവിക്കുന്നതായി തോന്നുംവിധം അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നു. അത്തരത്തിലാണ് അദ്ദേഹത്തിന്റെ പെർഫോമൻസ്. അതും ഒരു കൂട്ടം യുവ അഭിനേതാക്കളുടെ ഊർജ്ജസ്വലമായ പ്രകടനങ്ങൾക്കൊപ്പം അതേ ഊർജ്ജത്തോടെ അല്ലെങ്കിൽ അവരെക്കാൾ ഊർജ്ജം സംഭരിച്ച് ഒരു മികച്ച പ്രകടനം മമ്മൂട്ടിയിൽ നിന്ന് ഉണ്ടാവുമ്പോൾ അവിടെ ആ നടന്റെ അഭിനയത്തോടുള്ള അഭിനിവേശം വിജയിക്കുകയാണ്. 

മമ്മൂട്ടി ഉണ്ടയിൽ കാഴ്ചവച്ചത് തികച്ചും സ്വാഭാവികമായ പച്ചയായ അഭിനയമാണ്. എത്രയോ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് മമ്മൂട്ടി. എന്നിട്ടും എങ്ങനെ ഈ നടൻ എങ്ങനെ ഓരോ വേഷങ്ങളും ഒന്നിനൊന്ന് പുതിയത് ആയി നമുക്ക് തോന്നൽ നൽകുന്നു ? ഇത് ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. അതിന്റെ വളരെ യാഥാർഥ്യമായ ഒരു ഉത്തരം എന്തെന്നാൽ..” ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് എത്തുമ്പോൾ, മുൻപ് ചെയ്ത ആ കഥാപാത്രത്തെ ഒരിക്കൽ പോലും ഓർമ്മിപ്പിക്കാതെ തികച്ചും പുതിയ കഥാപാത്രമായി കെട്ടിലും മട്ടിലും മാറുവാൻ ശേഷിയുള്ളവൻ ആയിരിക്കും ഒരു മഹാനടൻ”. അതെ മമ്മൂട്ടി ഒരു മഹാനടൻ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി അദ്ദേഹത്തിനു ലഭിക്കുന്ന വേഷം അതേതായാലും ഒന്നിനൊന്ന് പുതുമയുള്ളതും മികച്ചതും ആക്കുന്നത്.

കെ ജി ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘യവനിക’യിൽ ആയിരുന്നു മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ആദ്യമായി പോലീസ് വേഷത്തിൽ എത്തിയത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം അന്വേഷിക്കാൻ എത്തുന്ന ജേക്കബ് ഈരാളി എന്ന പോലീസുകാരൻ കഥാപാത്രമായാണ് മമ്മൂട്ടി യവനികയിൽ അഭിനയിച്ചത്. തുടർന്ന് ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന ചിത്രത്തിൽ ഹരിദാസ് ദാമോദരൻ ആയും ആഗസ്റ്റ് ഒന്നിൽ ഡി.വൈ.എസ്.പി പെരുമാൾ ആയും ഒക്കെ മമ്മൂട്ടി ബിഗ് സ്ക്രീനിൽ നിറഞ്ഞു. 1986-ൽ പുറത്തിറങ്ങിയ ഐ.വി ശശി ചിത്രം ആവനാഴിയിലെ മമ്മൂട്ടിയുടെ ഇൻസ്പെക്ടർ ബൽറാം എന്ന പോലീസ് കഥാപാത്രം മലയാള സിനിമ ചരിത്രത്തിലെ എണ്ണംപറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ്. ഇൻസ്പെക്ടർ ബൽറാം സീരീസിൽ മൂന്ന് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു. 

പിന്നീടും മമ്മൂട്ടിയുടെ ഒട്ടനവധി പോലീസ് കഥാപാത്രങ്ങൾക്ക് മലയാള സിനിമ സാക്ഷിയായി. ദി ഗോഡ്മാൻ, രാക്ഷസരാജാവ്, രൗദ്രം, ഡാഡികൂൾ, സ്ട്രീറ്റ് ലൈറ്റ് എന്നിങ്ങനെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഓരോ ഇടവേളകളിലും ഓരോ പോലീസ് കഥാപാത്രങ്ങളായി അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ആരാധകരെ ത്രസിപ്പിച്ച രണ്ട് ഉശിരൻ പൊലീസ് കഥാപാത്രങ്ങളായിരുന്നു 2016 പുറത്തിറങ്ങിയ കസബയിലെ രാജൻ സക്കറിയയും 2018 പുറത്തിറങ്ങിയ എബ്രഹാമിനെ സന്തതികൾ ഡെറിക് എബ്രഹാമും. ഈയടുത്തകാലത്ത് മമ്മൂട്ടി ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ പോലീസ് കഥാപാത്രങ്ങൾ കൂടിയായിരുന്നു ഡെറിക്കും  രാജൻ സക്കറിയയും.

എന്നാൽ മേൽപ്പറഞ്ഞ പോലീസ് കഥാപാത്രങ്ങളിൽ ശക്തമായ ഒരു പോലീസ് കഥാപാത്രം ആയി ഉണ്ടയിലെ സബ് ഇൻസ്പെക്ടർ മണികണ്ഠൻ തലമുറകൾ കഴിഞ്ഞാലും നിലനിൽക്കുവാൻ പോകുന്ന മമ്മൂട്ടിയുടെ അത്യുജ്ജ്വലമായ കഥാപാത്രം ആയി മാറും എന്നത് തീർച്ച. മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഇതുവരെ അഭിനയിച്ച പോലീസ് കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ നിരൂപകപ്രശംസകൾ വരെ നേടിയെടുക്കുവാൻ ശേഷിയുള്ള കഥാപാത്രം ആവുകയാണ് എസ്.ഐ മണികണ്ഠൻ. ആ കഥാപാത്രം പോലെ തന്നെ ഉണ്ട എന്ന സിനിമയും അത്രത്തോളം മികച്ച ഒരു സിനിമാനുഭവം തന്നെയാണ്