അടുത്തത് എന്താകും? എന്ന ആകാംഷയിൽ ഉദ്വേഗഭരിതമായ ആദ്യ പകുതി ; സ്വാഭാവിക അഭിനയത്താൽ കൗതുകം നിറച്ച് മെഗാസ്റ്റാർ ഭാവങ്ങൾ.. ഒപ്പം മത്സരിച്ചഭിനയിച്ച് യുവതാരങ്ങൾ ! #Interval #Review

മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്‌മാൻ ചിത്രം ഉണ്ട ആദ്യ പകുതി കഴിയുമ്പോൾ ഉദ്വേഗം നിറയ്ക്കുന്നു. വളരെ സ്വാഭാവികതയിൽ മുന്നേറുന്ന ചലച്ചിത്രം തികച്ചും യഥാർത്ഥമായ കഥ അവതരണത്തെ അവലംബിക്കുന്നു. എസ്ഐ മണികണ്ഠന്റെ കീഴിൽ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രദേശത്തേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് ടീമിന്റെ യാതനകളെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ആദ്യപകുതി. മാവോയിസ്റ്റ് അറ്റാക്ക് ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് തങ്ങേണ്ടി വരുന്ന ഈ പോലീസുകാരുടെ അവസ്ഥകൾ ആദ്യപകുതിയിൽ പ്രതിപാദിക്കുന്നു. വളരെ മികച്ച വിഷ്വൽ മേക്കിങ് പശ്ചാത്തലസംഗീതവും കൊണ്ട് ആദ്യപകുതി പ്രേക്ഷകർ ഇതുവരെ ഒരു പോലീസ് ചിത്രത്തിൽ കണ്ടിട്ടില്ലാത്ത വിധം അനുഭവം ഒരുക്കുന്നു.

ഇതുവരെ മമ്മൂട്ടി അഭിനയിച്ച പോലീസ് സിനിമകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തവും സ്വാഭാവികവുമായ അഭിനയമാണ് ഉണ്ടയിൽ കാഴ്ചവെക്കുന്നത്. മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് എസ്ഐ മണികണ്ഠൻ എന്ന കഥാപാത്രം. അദ്ദേഹത്തിനൊപ്പം ഒരു കൂട്ടം യുവ അഭിനേതാക്കളും പോലീസുകാരുടെ വേഷത്തിൽ ഉണ്ടയിൽ അണിനിരക്കുന്നു. അതിൽ യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ വളരെ പ്രധാനപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ കഥാപാത്രമാവുമ്പോൾ റോണി ഡേവിഡ് മറ്റൊരു പോലീസ് കഥാപാത്രമായി എത്തുന്നു. ഹരിശ്രീ അശോകന്റെ മകനും, അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന അർജുൻ അശോകനാണ് ഉണ്ടയിൽ ശ്രദ്ധേയനായ മറ്റൊരു യുവതാരം. അതോടൊപ്പം ഷാജോൺ, സംവിധായകൻ രഞ്ജിത്ത്, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ അഭിനയ സാന്നിധ്യവും സിനിമയിലുണ്ട്.

സംവിധായകൻ ഖാലിദ് റഹ്‌മാനും ഹർഷാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മൂവി മിൽ, ജെമിനി സ്റുഡിയോസുമായി അസോസിയേറ്റ് ചെയ്തു നിർക്കിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ ആണ്. ശാം കൗശൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നു എന്നതാണ്. ഛായാഗ്രാഹകൻ ഗവേമിക് യു ആര്യയാണ് ഉണ്ടയുടെയും ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിള്ള നിർവ്വഹിക്കുന്നു.