വിരമിക്കൽ പ്രഖ്യാപിച്ച ക്രിക്കറ്റ് ലോകത്തെ യുവരാജാവിന് ആശംസകൾ നേർന്നത് ക്രിക്കറ്റ് ദൈവം സച്ചിൻ മുതൽ താര രാജാവ് മോഹൻലാൽ വരെ ! #ThankYouYuvi

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ആക്ഷൻ ഹീറോ, ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് അടക്കിവാണ യുവരാജാവ്, യുവരാജ് സിംഗ് ക്രിക്കറ്റിൽനിന്ന് തന്റെ ഔദ്യോഗിക വിടവാങ്ങൽ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യ അവസാനമായി നേടിയിട്ടുള്ള ട്വന്റി20, ഫിഫ്റ്റി ഓവർ വേൾഡ് കപ്പുകൾ യുവരാജ് എന്ന ആ വലിയ ക്രിക്കറ്റ് പ്രതിഭയുടെ സ്വാധീനം ഒന്നുകൊണ്ട് മാത്രം സാധ്യമായവയാണ് എന്നു പറഞ്ഞാലും അദ്ഭുതമില്ല. ആ വേൾഡ് കപ്പുകൾ നമുക്ക് നേടിത്തരാൻ യുവരാജ് വഹിച്ച പങ്ക് അത്രത്തോളം അതുല്യമാണ്. ക്രിക്കറ്റ് ലോകത്തിനും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും എന്നുമെന്നും ഓർമ്മിക്കാൻ നിരവധി അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭ ഇന്നലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തോട് വിട പറയുന്നത് ആയി പ്രഖ്യാപിച്ചത്. അണ്ടർ 19 വേൾഡ് കപ്പും ട്വന്റി 20 വേൾഡ് കപ്പും 50 ഓവർ വേൾഡ് കപ്പും സ്വന്തമാക്കിയ താരം, എല്ലാ ക്രിക്കറ്റ് വേൾഡ് കപ്പ്കളിലും മാൻ ഓഫ് ദ ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട താരം. ഇത്തരത്തിൽ അധികം ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങൾ താണ്ടിയാണ് യുവരാജ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നിന്ന് വിടവാങ്ങുന്നത്.

ക്രിക്കറ്റ് ലോകകപ്പ് ജയിച്ച നിൽക്കുമ്പോഴാണ് യുവരാജിന് ഒരു എതിരാളിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ എന്ന മഹാവ്യാധി കടന്നുവരുന്നത്. എന്നാൽ അവിടെയും തളരാതെ തന്റെ മനോധൈര്യം കൊണ്ട് കാൻസറിനെയും നേരിട്ട് തിരിച്ചുവന്നു യുവരാജ് സിംഗ് എന്ന പോരാളി. ക്രിക്കറ്റ് ലോകത്ത് നിന്നുള്ള യുവിയുടെ ഈ വിടവാങ്ങൽ ഒരു സുവർണ്ണ കാലത്തിന്റെ അവസാനമായാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്. തൊണ്ണൂറുകളിൽ ജീവിച്ചു വളർന്നവർ അവരുടെ ബാല്യകാല ഓർമ്മകളുടെ തീരാ വിങ്ങൽ ആയും ഈ വിടവാങ്ങലിനെ വിശേഷിപ്പിക്കുന്നു.

ക്രിക്കറ്റ് ദൈവം സച്ചിൻ, സെവാഗ്, ദാദ ഗാംഗുലി, വിരാട് കോഹ്ലി, യുവരാജ് സിംഗ് 6 പറത്തിയ ബൗളർ സ്റ്റുവർട്ട് ബ്രോഡ് അടക്കം ഒരുപാട് ക്രിക്കറ്റ് പ്രതിഭകൾ യുവരാജിന് ആശംസകൾ നേർന്നു കൊണ്ട് സോഷ്യൽ മീഡിയയിലും മറ്റും എത്തിയിരുന്നു. ഇന്ത്യൻ സിനിമാലോകവും യുവരാജിന്റെ തുടർ ജീവിതത്തിന് ആശംസകളുമായി എത്തി. മലയാള സിനിമയിൽ നിന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങളും യുവരാജിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ആശംസകൾ നേർന്നു. പ്രധാനമായും ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് മോഹൻലാൽ അടക്കമുള്ള പ്രമുഖ താരങ്ങൾ യുവരാജിന് ആശംസകൾ നേർന്നത്.