“പത്തേമാരി മികച്ച ബോക്സ് ഓഫീസ് പ്രകടനത്തോടെ 125 ദിവസം പ്രദർശിപ്പിച്ച ചിത്രമാണ്. അതുപോലെ ഈ സിനിമയും പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ”:- ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’-വുമായി സലിം അഹമ്മദ് !

നടൻ സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നടി കൊടുത്ത ആദാമിന്റെ മകൻ അബു എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് സലിം അഹമ്മദ്. ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ സിനിമകൾ ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘പത്തേമാരി’ക്ക് ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകൻ സലിം അഹമ്മദ്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’-വുമായാണ് അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്.

അഴിമുഖം മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സിനിമയെ കുറിച്ച് സംവിധായകൻ സലിം അഹമ്മദ് പറയുന്നു..

“സിനിമക്കുള്ളിലെ സിനിമയാണ് ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’. സിനിമ ഡിജിറ്റൽ ആയതിനു ശേഷം ഒരുപാട് പേരാണ് സിനിമയിലേക്ക് എത്തുന്നത്. ഒരാൾക്കൂട്ടം എടുത്താൽ അതിലൊരാൾ സിനിമാക്കാരനായിരിക്കും. അത്രയേറെ ചെറുപ്പക്കാർ സിനിമയിലേക്ക് വരുന്നു. എഞ്ചിനീയറിംഗ് അടക്കം മികച്ച വിദ്യാഭ്യാസം ഉള്ളവരാണ് ഇന്ന് സിനിമയിലേക്ക് കടന്ന് വരുന്നത്. ജീവിതത്തിൽ സിനിമയോട് വളരെ അഭിനിവേശമുള്ള ഒരാളുടെ കഥയാണ് ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’ പറയുന്നത്.

സിനിമയുണ്ടാക്കുവാൻ വേണ്ടിയുള്ള എന്റെ ജീവിതവും ഈ ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്. കുഞ്ഞനന്തന്റെ കട എന്ന സിനിമ ചെയ്യുന്ന സമയം മുതൽ ഈ സിനിമ മനസ്സിൽ ഉള്ളതാണ്.

ഒരു സിനിമാമോഹി വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമ വിജയിക്കുകയും ഓസ്‌കാർ എൻട്രി ലഭിക്കുന്നതും സിനിമ അവിടെ വരെ എത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളുമാണ് സിനിമ പറയുന്നത്. ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയും ഇതാണ്.”

ചോദ്യം : എന്തുകൊണ്ട് ടൊവിനോ?

ഉത്തരം : ഒരു യുവാവ് സിനിമയിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളാണ് കഥയിലെ നായകന്റേത്. ആ ഒരു ഫീൽ ലഭിക്കാൻ ടൊവിനോ തന്നെയാണ് ഏറ്റവും നല്ലത്. ടൊവിനോയും ഒട്ടേറെ കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ നടനാണ്. മികച്ച പ്രകടനം തന്നെയാണ് ടൊവിനോ സിനിമയിൽ കാഴ്ച്ചവെച്ചിട്ടുള്ളത്.

ചോദ്യം : സിനിമകൾ അന്താരാഷ്ട്ര തലത്തിൽ പോലും അംഗീകരിക്കപ്പെടുമ്പോൾ, ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ച്ചവെക്കുന്നത് എന്തുകൊണ്ട്?

ഉത്തരം : പത്തേമാരി എന്ന ചിത്രം 125 ദിവസം പ്രദർശിപ്പിച്ച ചിത്രമാണ്. മികച്ച ബോക്സ് ഓഫീസ് പ്രകടനം തന്നെയാണ് ആ ചിത്രം കാഴ്ചവെച്ചത്. അതുപോലെ തന്നെ ഈ സിനിമയും പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നതാണ് ഈ സിനിമ.
നമ്മുടെ നാട്ടിൽ മാത്രം ഉള്ളൊരു കാര്യമാണ് ഒരു സിനിമ അവാർഡ് നേടിക്കഴിഞ്ഞാൽ അത് നമുക്ക് മനസിലാകാത്ത എന്തോ ഒന്നാണെന്നുള്ള തോന്നൽ. അത്തരം തോന്നലുകളാണ് സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുന്നത്. എന്നാൽ ഇപ്പോൾ ആ പ്രവണത മാറിയിട്ടുണ്ട്. ഇപ്പോൾ ഹിറ്റായിട്ടുള്ള സിനിമകൾ നോക്കിയാൽ എല്ലാം നല്ല ചിത്രങ്ങളാണ്. കുമ്പളങ്ങി മുതൽ ഉണ്ട വരെ എത്തിനിൽക്കുമ്പോൾ നല്ല കണ്ടന്റ് ഉള്ള സിനിമകളാണ് വിജയിച്ചിട്ടുള്ളത്. ഇന്നത്തെ കാലത്താണ് ആദാമിന്റെ മകൻ അബു ഇറങ്ങിയിരുന്നതെങ്കിൽ അത് വലിയൊരു ബോക്സ് ഓഫീസ് ഹിറ്റായേനെ.

ചോദ്യം : ഇനിയൊരു മമ്മൂട്ടി ചിത്രം ഉണ്ടാകുമോ?

ഉത്തരം : മമ്മൂട്ടിയുമായി ഒരു ചിത്രം മനസ്സിലുണ്ട്. എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് പറയാനാകില്ല. ഇനി അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുമ്പോൾ അത് ‘പത്തേമാരി’ക്കും മുകളിൽ നിൽക്കണമല്ലോ.