‘ജോജു – ചെമ്പൻ – നൈല ഉഷ’ ഒന്നിക്കുന്ന ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ മാസ്സ് തരംഗം സൃഷ്ടിക്കുന്നു..

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കർ ജോഷിയുടെ കുറച്ചുനാളുകൾക്കുശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ പൊറിഞ്ചു, മറിയം, ജോസ് എന്നീ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ഇൽ പൊറിഞ്ചു അഥവാ കാട്ടാളൻ പൊറിഞ്ചു ആയി എത്തുന്നത് ജോജു ജോർജ്ജ് ആണ്. മറിയം അഥവാ ആലപ്പാട്ട് മറിയം ആയി എത്തുന്നത് നൈല ഉഷയാണ്. ജോസ് അഥവാ പുത്തൻപ്പള്ളി ജോസ് ആയി എത്തുന്നത് ചെമ്പൻ വിനോദ് ആണ്. ഈ മൂന്നു കഥാപാത്രങ്ങളെയും നല്ല കട്ട കലിപ്പിലാണ് മോഷൻ പോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ജോസഫ് എന്ന ചിത്രത്തിലൂടെ 2018ലെ മികച്ച രണ്ടാമത്തെ നടനുള്ള ഉള്ള സംസ്ഥാന പുരസ്കാരവും ജനപ്രീതിയും നേടിയ ജോജുവും, ഈ മ യൗ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അന്തരാഷ്ട്ര ചലച്ചിത്ര മേള പുരസ്കാരം വരെ നേടിയെടുത്ത ചെമ്പൻ വിനോദും ഒന്നിക്കുന്നു എന്ന പ്രധാന സവിശേഷതയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. എന്നിരുന്നാലും മലയാളസിനിമയിലെ പരിചയസമ്പന്നനായ മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി ചിത്രം എന്നതാണ് പൊറിഞ്ചു മറിയം ജോസ് ഇത്രത്തോളം പ്രതീക്ഷകൾ അർപ്പിച്ച് പ്രേക്ഷകർ കാത്തിരിക്കാനുള്ള പ്രധാനപ്പെട്ട കാരണം. ജോജുവിന് ചെമ്പനും ഒപ്പം അതിനൊത്ത നായിക കഥാപാത്രമായി നൈല ഉഷയും സിനിമയിലെത്തുന്നു. ഈ മൂന്നു പേരുടെയും മത്സരിച്ചുള്ള അഭിനയം മുഹൂർത്തങ്ങൾക്കാണ് പൊറിഞ്ചു മറിയും ജോസ് അവസരമൊരുക്കാൻ പോകുന്നത് എന്ന് ഈ മോഷൻ പോസ്റ്ററിലൂടെ തന്നെ വ്യക്തമാക്കിത്തരുന്നുണ്ട്.

കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ, അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രാഹണവും സംഗീതം ജേക്സ് ബിജോയും ഒരുക്കുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ. ചാന്ദ് വി ക്രിയേഷൻസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യാനൊരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ ഷൂട്ടിംഗ് അതിന്റെ അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്.