‘മരക്കാർ:അറബിക്കടലിന്റെ സിംഹം’ ഫസ്റ്റ് ലുക്ക് ടീസർ ഉടൻ ; മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ അവസാനഘട്ടത്തിലേക്ക്..

ചരിത്രത്തിലെ ഇതിഹാസനായകൻ കുഞ്ഞാലി മരക്കാർ ആയി മലയാളത്തിന്റെ ഇതിഹാസം മോഹൻലാൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാറിന്റെ ഫസ്റ്റ് ലുക്ക് ടീസർ ഉടൻ പുറത്തുവിടുമെന്ന് റിപ്പോർട്ട്‌. മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത ഏറ്റവും വലിയ സെറ്റ് വർക്കിൽ ഒരുക്കിയ ഈ ചരിത്ര സിനിമയ്ക്ക് 100 കോടിയിലധികം രൂപയാണ് ബഡ്ജറ്റ്. ചരിത്രപുരുഷൻ കുഞ്ഞാലി മരക്കാറിന്റെ ജീവിത സപര്യക്ക് മലയാളസിനിമയുടെ സമർപ്പണമാണ് മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ – പ്രിയദർശൻ ചലച്ചിത്രം.

മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. 2019-ൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായി ഏകദേശം ഒരു വർഷത്തോളം നീണ്ട പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ് ഇപ്പോൾ ചിത്രം. എന്നാൽ ആരാധകർക്കായി ഒരു ഫസ്റ്റ് ലുക്ക് ടീസർ അണിയറയിൽ ഒരുക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. മോഹന്‍ലാലിന്റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ പ്രണവിന്റെ നായികയായി പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നു. കീര്‍ത്തി സുരേഷും നായികാപ്രാധാന്യമുള്ള വേഷം കുഞ്ഞാലി മരക്കാരിൽ ചെയ്യുന്നുണ്ട്. തമിഴിലെ ആക്ഷൻ കിംഗ് അർജ്ജുൻ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി മരക്കാറിൽ ഉണ്ട്. ഇതുകൂടാതെ സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു. കലാപാനിക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമായിരിക്കും പ്രിയദർശന്റെ അറബിക്കടലിന്റെ സിംഹത്തിലേത് എന്നാണ് അണിയറസംസാരം.