“മമ്മൂട്ടി കഥാപാത്രം ‘മണികണ്ഠൻ’ ഒരു ‘അവർണ്ണൻ’ ആയതിനാലാണ് കീഴുദ്യോഗസ്ഥര്‍ പോലും അയാളോട് കയര്‍ക്കുന്നത് !!” ; ഇന്ത്യ മുഴുവൻ പ്രസക്തി നേടുന്ന ചിത്രമായി ഉണ്ട !

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട മികച്ച പ്രേക്ഷക – നിരൂപക പ്രതികരണങ്ങളുടെ ബലത്തിൽ തിയേറ്ററുകളിലും വിജയം ആവുകയാണ്. ഈ ചിത്രത്തിനുവേണ്ടി വളരെ സ്വാഭാവികമായ രീതിയിൽ തിരക്കഥ രചിച്ചിരിക്കുന്നത് ഹർഷാദ് ആണ്. വളരെ ശക്തമായ രീതിയിൽ ജാതീയത ചർച്ച ചെയ്യിക്കുന്ന ഈ ചിത്രം സമകാലീനമായ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രൂപവത്കരിച്ചതാണ്. The Cue എന്ന മാധ്യമം തിരക്കഥാകൃത്ത് ഹർഷാദുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ച, “മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തരത്തില്‍ പാവം പോലീസ് നായകനാക്കണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ട്? അല്ലെങ്കില്‍ എന്തുകൊണ്ട് മണിയായി മമ്മൂട്ടി?” എന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് മറുപടി നൽകിയത് ഇങ്ങനെ..

“ഒന്നാമത് നമ്മളൊരു സൂപ്പര്‍ ഹീറോ പടമല്ല ചെയ്യുന്നത്, പിന്നെ മമ്മൂക്കയെ ഒരു പാവം പോലീസൊന്നുമാക്കിയിട്ടില്ല. ആവശ്യമുള്ളിടത്ത് ധൈര്യം കാണിക്കുന്ന അല്ലാത്തപ്പൊ നോര്‍മല്‍ പോലീസുകാരനായ സാധാരണക്കാരന്‍, അങ്ങനെയൊക്കെ തന്നെയല്ലേ നമ്മളെല്ലാരുംവണ്‍ ലൈനൊക്കെ പൂര്‍ത്തിയായതിന് ശേഷമാണ് സിനിമയില്‍ മമ്മൂക്ക വരുന്നത്.അന്‍വര്‍ റഷീദാണ് മമ്മൂക്കയിലേക്ക് ഈ പ്രൊജക്റ്റ് എത്തിക്കുന്നത്. മമ്മൂക്കക്ക് ഇഷ്ടപ്പെട്ടു, അങ്ങനെ സിനിമയായി, ഇങ്ങനെയൊരു വിജയമായി – ഹർഷാദ് പറയുന്നു.

മമ്മൂക്കയുടെ കഥാപാത്രത്തിന്റെ മണികണ്ഠന്‍ എന്ന പേരും ,ഒരു സവര്‍ണ്ണനല്ലാത്ത കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നതിനാലാണെന്ന് അദ്ദേഹം പറയുന്നു. “അവർണ്ണൻ ആയതിനാൽ തന്നെയാണ് അയാളുടെ കീഴുദ്യോഗസ്ഥര്‍ പോലും അയാളോട് കയര്‍ക്കുന്നത്. അധികാര ശ്രേണിയില്‍ ജാതിയെങ്ങനെയൊക്കെ വര്‍ക്കാവുന്നു എന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു. വര്‍ക്കായെന്ന് തോന്നുന്നു.

അതോടൊപ്പം തിരക്കഥാകൃത്ത് ഒന്നുകൂടി സൂചിപ്പിക്കുന്നു.. “ജാതീയത പറഞ്ഞ് കളയാം എന്ന് വിചാരിച്ച് ഉള്‍പ്പെടുത്തിയതല്ല. ജാതീയത പറയാതെ ഇന്ത്യയില്‍ സിനിമയെടുക്കാനാവില്ല എന്ന ചിന്തയില്‍ നിന്നാണ് അത് വരുന്നത്. നിലവിലുള്ള എല്ലാ ഇന്ത്യന്‍ സിനിമയിലും,സമൂഹത്തിലും അതുണ്ടല്ലോ – ഹർഷാദ് വ്യക്തമാക്കി.