‘യവനിക’യിലെ ജേക്കബ് ഈരാളി മുതൽ ‘ഉണ്ട’യിലെ എസ്.ഐ മണികണ്ഠൻ വരെ ; മെഗാസ്റ്റാർ മമ്മൂട്ടി നിറഞ്ഞാടിയ ഒന്നിനൊന്ന് മികച്ച പോലീസ് വേഷങ്ങൾ ! #UndaFromJune14

ജേക്കബ് ഈരാളി മുതൽ ഡെറിക് എബ്രഹാം വരെ മമ്മൂട്ടി അഭ്രപാളിയിൽ അനശ്വരമാക്കിയ പോലീസ് കഥാപാത്രങ്ങളുടെ നിലയിലേക്കാണ് ഉണ്ടയിലെ എസ്.ഐ മണികണ്ഠനും ഇനി എത്തുവാനായി പോകുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഉണ്ട. ഒരു കൂട്ടം യുവ പോലീസുകാരുടെ രക്ഷാധികാരിയായ എസ്.ഐ മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഉണ്ടയിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽനിന്ന് ഛത്തീസ്ഗഢ്-ലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കായി പോകുന്ന ഒരു കൂട്ടം പോലീസുകാരുടെ കഥയാണ് ഉണ്ട എന്ന ചിത്രം പറയുന്നത്. ഈ ചിത്രം കാസർഗോഡ് വയനാട് മൈസൂര് ചത്തീസ്ഗഢ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

1982-ൽ കെ ജി ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘യവനിക’യിൽ ആയിരുന്നു മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ആദ്യമായി പോലീസ് വേഷത്തിൽ എത്തിയത്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം അന്വേഷിക്കാൻ എത്തുന്ന ജേക്കബ് ഈരാളി എന്ന പോലീസുകാരൻ കഥാപാത്രമായാണ് മമ്മൂട്ടി യവനികയിൽ അഭിനയിച്ചത്. തുടർന്ന് ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന ചിത്രത്തിൽ ഹരിദാസ് ദാമോദരൻ ആയും ആഗസ്റ്റ് ഒന്നിൽ ഡി.വൈ.എസ്.പി പെരുമാൾ ആയും ഒക്കെ മമ്മൂട്ടി ബിഗ് സ്ക്രീനിൽ നിറഞ്ഞു. 1986-ൽ പുറത്തിറങ്ങിയ ഐ.വി ശശി ചിത്രം ആവനാഴിയിലെ മമ്മൂട്ടിയുടെ ഇൻസ്പെക്ടർ ബൽറാം എന്ന പോലീസ് കഥാപാത്രം മലയാള സിനിമ ചരിത്രത്തിലെ എണ്ണംപറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ്. ഇൻസ്പെക്ടർ ബൽറാം സീരീസിൽ മൂന്ന് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയിരുന്നു.

പിന്നീടും മമ്മൂട്ടിയുടെ ഒട്ടനവധി പോലീസ് കഥാപാത്രങ്ങൾക്ക് മലയാള സിനിമ സാക്ഷിയായി. ദി ഗോഡ്മാൻ, രാക്ഷസരാജാവ്, രൗദ്രം, ഡാഡികൂൾ, സ്ട്രീറ്റ് ലൈറ്റ് എന്നിങ്ങനെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഓരോ ഇടവേളകളിലും ഓരോ പോലീസ് കഥാപാത്രങ്ങളായി അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ആരാധകരെ ത്രസിപ്പിച്ച രണ്ട് ഉശിരൻ പൊലീസ് കഥാപാത്രങ്ങളായിരുന്നു 2016 പുറത്തിറങ്ങിയ കസബയിലെ രാജൻ സക്കറിയയും 2018 പുറത്തിറങ്ങിയ എബ്രഹാമിനെ സന്തതികൾ ഡെറിക് എബ്രഹാമും. ഈയടുത്തകാലത്ത് മമ്മൂട്ടി ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ പോലീസ് കഥാപാത്രങ്ങൾ കൂടിയായിരുന്നു ഡെറിക്കും രാജൻ സക്കറിയയും.

ഇപ്പോൾ ആ കൂട്ടത്തിലേക്ക് ഒരു പോലീസ് കഥാപാത്രം കൂടി എത്തുകയാണ്. എന്നാൽ മമ്മൂട്ടി ഇതുവരെ അഭിനയിച്ച മറ്റു പോലീസ് കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും പുതുമയുള്ളതും ആയിരിക്കും ഉണ്ട എന്ന ചിത്രത്തിലെ പോലീസ് ഓഫീസർ മണികണ്ഠൻ. വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഒരു പച്ചയായ പോലീസുകാരൻ കഥാപാത്രമാണ് ഉണ്ടയിൽ മമ്മൂട്ടി അവതരിപ്പിക്കാൻ പോകുന്നത്. അഭിനയത്തിന്റെ ഏത് ശൈലിയിലൂടെയും ഏതറ്റംവരെയും പോകാൻ സാധിക്കുന്ന മമ്മൂട്ടിയിലെ അഭിനയ പ്രതിഭ ഈ പുതിയ ചിത്രത്തിലും പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന് പ്രത്യാശിക്കാം. ഉണ്ട ജൂൺ 14ന് തിയറ്ററുകളിലെത്തുകയാണ്.