” കിലുക്കം, ചോട്ടാ മുംബൈ പോലുള്ള സിനിമകളിൽ നമ്മൾ കണ്ട ലാലേട്ടന്റെ ആ എനർജി ഇട്ടിമാണിയിൽ പ്രതീക്ഷിക്കാം.. കോമഡിക്കൊപ്പം നല്ല ഉശിരൻ ആക്ഷനുമുണ്ട്..”: ഇട്ടിമാണിയെ കുറിച്ച് കൂടുതൽ വിശേഷങ്ങൾ ഇതാ..

സൂപ്പർസ്റ്റാർ മോഹൻലാൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമായി ചിരിയുടെ വെടിക്കെട്ട്‌ തീർക്കാൻ വരികയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ, ലാലേട്ടൻ മെഗാ മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നതുവരെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രത്തിൽ രാധിക ശരത് കുമാർ, സലിം കുമാർ, ഹരീഷ് കണാരൻ, വിനു മോഹൻ, ബിഗ് ബോസ്സ് സുരേഷുമൊക്കെയുണ്ട്. ഇട്ടിമാണി ഒരു പക്കാ കോമഡി എന്റർടൈനർ ആയിരിക്കും. മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് ഇനി പ്രേക്ഷകർ കാണാൻ പോകുന്നത്. എന്നിരുന്നാലും ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ട്‌. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അവർ പറയുന്നത് ഈ സിനിമയുടെ ഉൽഭവം വളരെ യാദൃശ്ചികം ആയിരുന്നു എന്നാണ്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സെറ്റിൽ നിന്നും പറഞ്ഞു തുടങ്ങിയ കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന പേരിലെ മോഹൻലാൽ ചിത്രമായി പരിണമിക്കുന്നത്. സംവിധായകൻ ജിബു ജേക്കബിന്റെ അസ്സോസിയേറ്റുകളായി അന്നേരം ഇട്ടിമാണിയുടെ സംവിധായകർ ജിബി-ജോജുമാർ പ്രവർത്തിച്ചിരുന്നു. കാരവാനിൽ മുന്തിരിവള്ളികളുടെ സ്ക്രിപ്റ്റ് വിവരിക്കാൻ പോകുന്ന നേരത്തിനിടയിലാണ് ആദ്യമായി ഈ ചിത്രത്തെപ്പറ്റി മോഹൻലാലിനോട് പറയുന്നത്. മുന്തിരിവള്ളികളുടെ ഫൈനൽ ഡബ്ബിങ് നടക്കുന്ന വേളയിലാണ് ആദ്യമായി കഥ മുഴുവനും വിവരിക്കുന്നത്. പക്ഷെ ആ ചിത്രത്തിന്റെ പ്രൊമോഷനും കഴിഞ്ഞു 2017 ജനുവരി 23നാണ് മോഹൻലാലിന്റെ വീട്ടിലെത്തി ഇവർ തിരക്കഥ വായിച്ചു കേൾപ്പിക്കുന്നത്.

എന്നാൽ ഇത് മോഹൻലാലിന് വേണ്ടി എഴുതിയ തിരക്കഥയല്ല എന്നും പറഞ്ഞായിരുന്നു തുടക്കം. തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. വെളിപാടിന്റെ പുസ്തകം ഷൂട്ടിംഗ് നടക്കുന്ന സമയത്ത് വീണ്ടും മോഹൻലാലിനെ കാണാൻ സംവിധായകരെത്തി. തനിക്കു പകരം മറ്റാരെയെങ്കിലും വച്ച് ചെയ്യൂ എന്നായിരുന്നു മറുപടി. ഒടിയൻ, ലൂസിഫർ, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങൾക്ക് അന്ന് മോഹൻലാൽ ഡേറ്റ് കൊടുത്തു കഴിഞ്ഞിരുന്നു. കാത്തിരിക്കേണ്ടി വരും എന്ന സൂചന ഉണ്ടായെങ്കിലും പിന്മാറാൻ ജിബി ജോജുമാർ തയ്യാറായിരുന്നില്ല.

ആന്റണി പെരുമ്പാവൂരുമായി സംസാരിക്കാൻ പറഞ്ഞു കൊണ്ട് ആ കൂടിക്കാഴ്ച അവസാനിച്ചു. ശേഷം ആന്റണി പെരുമ്പാവൂരിനെ തിരക്കഥ വായിച്ചു കേൾപ്പിച്ചു. ഫൈനൽ ഡിസ്ക്കഷനു വേണ്ടി ലാലിൻറെ ഡേറ്റ് ലഭിച്ചു. പക്ഷെ മോഹൻലാൽ അപ്പോഴേക്കും തിരക്കഥ പഠിച്ചിരുന്നു. എല്ലാം ആന്റണി തീരുമാനിക്കും എന്ന് പറഞ്ഞ സംവിധായകർക്ക് സിനിമക്കുള്ള പച്ചക്കൊടി ലഭിച്ചു. മോഹൻലാലിന്റെ ഉറപ്പു ലഭിച്ച വിവരം പോലും സുഹൃത്തുക്കളോട് മറച്ചു വച്ച ജിബി ജോജുമാർ 2018 ഒക്ടോബർ 22ന് മോഹൻലാൽ തന്നെ ചിത്രം അനൗൺസ് ചെയ്യുമ്പോഴാണ് നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിന് അവസാനം കണ്ടത്.

ഇപ്പോൾ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിങ്ങ് തുടങ്ങി അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുകയാണ്. പറവൂർ, മാള, ഗുരുവായൂർ അടക്കമുള്ള സ്ഥലങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ഏറെ രസകരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കോമഡി എന്റർടൈനർ ആയിരിക്കും ഇട്ടിമാണി. കിലുക്കം, ചോട്ടാ മുംബൈ പോലുള്ള സിനിമകളിൽ കണ്ട ലാലേട്ടന്റെ ആ എനർജി ഇട്ടിമാണിയിൽ പ്രതീക്ഷിക്കാം എന്ന് അണിയറക്കാർ പറയുന്നു. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന ഈ മോഹൻലാൽ ചിത്രം ഓണത്തിന് എത്തും.