നന്ദി പ്രിയൻ സർ.. മരക്കാർ എന്ന വിസ്മയ ചിത്രത്തിനായി കാത്തിരിക്കുന്നു.. ഇന്ത്യൻ സിനിമയുടെ നടനവിസ്മയമായ ലാലേട്ടന്റെ സിനിമക്കായി ഞങ്ങളും പ്രയത്നത്തിലാണ് :- എന്ന് ‘ജിബി-ജോജു’ !

മോഹൻലാൽ നായകൻ ആവുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇട്ടിമാണി ഒരു പക്കാ ഫാമിലി – കോമഡി – എന്റർടൈനർ ആയിരിക്കും. മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് ഇനി പ്രേക്ഷകർ കാണാൻ പോകുന്നത്. എന്നിരുന്നാലും ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ട്‌. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഇതാ സംവിധായകർ അവരുടെ മോഹൻലാൽ ചിത്രം ഇട്ടിമാണി യുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ മലയാളസിനിമയിലെ ചിരി പടങ്ങളുടെ രാജാവായ സംവിധായകൻ പ്രിയദർശൻ എത്തിയ കൗതുകം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ്. ഇട്ടിമാണിയുടെ സെറ്റിൽ പ്രിയദർശനൊപ്പം ഒരു ദിവസം ചെലവഴിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങാനും സാധിച്ചു എന്ന് ഏറെ ആരാധനയോടെ ഈ സംവിധായകർ ഫേസ്ബുക്കിൽ കുറിക്കുന്നു.

ജിബി – ജോജു എഴുതുന്നു..

“ഇന്ത്യൻ സിനിമയുടെ നടനവിസ്മയമായ ലാലേട്ടനെ നായകനാക്കി പ്രേക്ഷകർക്ക് ഒരു നല്ല കുടുംബ സിനിമ സമ്മാനിക്കാൻ ഉള്ള പ്രയത്നത്തിലാണ് ഇപ്പോൾ ഞങ്ങൾ. അതിനിടയിൽ ആണ് ചിരിയുടെ രാജാവ് തന്നെ ഞങ്ങളുടെ ഇട്ടിമാണിയുടെ സെറ്റിൽ എത്തിച്ചേർന്നത്. പ്രിയദർശൻ എന്ന സംവിധായകനെ പറ്റി എത്ര പറഞ്ഞാലും നമ്മുക്ക് മതി വരില്ല..തൊണ്ണൂറിൽ അധികം ചിത്രങ്ങൾ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടർ…മലയാള സിനിമ ഉള്ളിടത്തോളം കാലം നാമെല്ലാവരും ഹൃദയത്തോട് ചേർക്കുന്ന ചിത്രവും കിലുക്കവും കാലാപാനിയും തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും എല്ലാം സമ്മാനിച്ച പ്രതിഭ..അതെ, സൂപ്പർ ഹിറ്റുകളുടെ ആ തമ്പുരാനോടൊപ്പം ഇട്ടിമാണിയുടെ സെറ്റിൽ ഒരു ദിവസം ചെലവഴിക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു..ആ പ്രതിഭയുടെ കാലിൽ തൊട്ടു അനുഗ്രഹം മേടിക്കാൻ ഉള്ള പുണ്യം നവാഗതരായ ഞങ്ങൾക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ദൈവാനുഗ്രഹങ്ങളിൽ ഒന്ന്…അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നും ഓരോ സംവിധായകനും പാഠ പുസ്തകങ്ങൾ ആണ്.അദേഹത്തിന്റെ അനുഗ്രഹം ഞങ്ങളുടെ ഇട്ടിമാണിക്കും ഒപ്പം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.നന്ദി പ്രിയൻ സർ…ഞങ്ങൾക്കൊപ്പം കുറച്ചു നേരം ചെലവഴിച്ചതിൽ…മരക്കാർ എന്ന വിസ്മയ ചിത്രത്തിനായി കാത്തിരിക്കുന്നു… പ്രാർഥിക്കുന്നു…