ഇതാണ് ആ ഡോക്ടര്‍ !! മരിച്ച നിപ്പ രോഗികളെ സംസ്‌കരിക്കാന്‍ ധൈര്യംപൂര്‍വ്വം മുന്നോട്ടു വന്ന ഡോ.ആര്‍.എസ് ഗോപകുമാര്‍; തന്റെ ബാല്യകാല സുഹൃത്തിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച സന്തോഷത്തില്‍ ഇന്ദ്രജിത്ത് !!

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോ.ബാബുരാജ് എന്ന കഥാപാത്രം സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷക ഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്നതാണ്. ഒരു ടിപ്പിക്കല്‍ ഡോക്ടര്‍ ഇമേജില്‍ നിന്നും വിഭിന്നമായി ഔട്ട്‌ലോ സ്വഭാവമുള്ള ഒരാള്‍. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഡോക്ടറുടെ ജീവിതത്തെ ആസ്പദമാക്കിയാണുള്ളതെന്ന് പലര്‍ക്കും അറിയില്ല, അദ്ദേഹം ഇന്ദ്രജിത്തിന്റെ കളിക്കൂട്ടുകാരനായിരുന്നു എന്നത് മറ്റൊരു വിചിത്രമായ സംഭവവും.

നിപ്പ ഔട്ട്‌ബ്രേക്കിന്റെ സമയത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറായിരുന്ന ഡോ. ആര്‍.എസ് ഗോപകുമാറാണ് ആ റിയല്‍ ലൈഫ് ഹീറോ. പലരും ഒന്ന് അടുത്ത് കാണുവാന്‍ പോലും ഭയന്ന നിപ്പ രോഗികളുടെ മൃതദേഹം ദഹിപ്പിക്കാനും, മറവ് ചെയ്യാന്‍ സഹായിക്കുന്നതിന് ധൈര്യം കാണിച്ച ഏക ഡോക്ടര്‍. ഒറ്റ കാഴ്ച്ചയിലും ഒരു ടിപ്പിക്കല്‍ ഡോക്ടറല്ല ഗോപകുമാര്‍ എന്ന് ഇന്ദ്രജിത്ത് പറയുന്നു. ആളൊരല്‍പ്പം ടഫാണ്. കൈയ്യില്‍ ഇടിവളയൊക്കെയിട്ടാണ് അദ്ദേഹം വരിക. ഷൂട്ടിംഗ് ലൊക്കേഷന്റെ വേളയിലും ഗോപകുമാര്‍ വരികയും സംസാരിക്കുകയും ചെയ്തിരുന്നു.

അപ്പോഴാണ് തങ്ങള്‍ ബാല്യകാലസുഹൃത്തുക്കളാണ് എന്ന കാര്യം മനസിലായത്. മുഖ്യമന്ത്രി കരുണാകരന്റെ ഗണ്‍മാന്റെ മകനായിരുന്നു ഗോപകുമാര്‍. അച്ഛന്‍ സുകുമാരന്റെ കൂടെ കരുണാകരനെ കാണാന്‍ പോകുമ്പോള്‍ ഗോപകുമാറിന്റെ കൂടെ മുറ്റത്ത് കളിച്ചുനടന്നതിന്റെ അവ്യക്തമായ ഓര്‍മ്മകള്‍ തനിക്കുണ്ടെന്നും ഇന്ദ്രന്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.