ലാലേട്ടന് വേണ്ടി ഒരു ഐഡിയ മനസ്സിലുണ്ട്..അത്… : വിഷ്‌ണു ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ കോമഡി സിനിമകൾക്ക് പുതിയ ഒരു ഉണർവ്വ് നൽകിയ തിരക്കഥാകൃത്തുക്കളാണ്
ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്ണനും. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച ബിബിനും വിഷ്‌ണുവും ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്കും തൂലിക ചലിപ്പിച്ചവരാണ്.

ബിബിനും വിഷ്‌ണുവും മോഹൻലാലിന് വേണ്ടി ഒരു തിരക്കഥ എഴുതാനുള്ള സാധ്യത ഉണ്ടോ എന്ന ചോദ്യം ഈയിടെ ഒരു അഭിമുഖത്തിൽ വിഷ്‌ണു നേരിടുകയുണ്ടായി. അത്തരത്തിലുള്ള ഒരു ആഗ്രഹം മനസ്സിലുണ്ടെന്നായിരുന്നു വിഷ്ണുവിൻ്റെ മറുപടി..

ലാലേട്ടനുമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഒരു തിരക്കഥയുമായി ബന്ധപ്പെട്ട് ലാലേട്ടനെ ഇത് വരെ നേരിൽ കണ്ടിട്ടില്ല.മനസ്സിൽ ഒരു ഐഡിയ ഒക്കെ ഉണ്ട്. എല്ലാം നന്നായി വന്നാൽ അത് സംഭവിക്കും. – വിഷ്‌ണു ഉണ്ണികൃഷ്ണൻ പറയുന്നു.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബിഗ് ബ്രദറി’ൽ ഒരു പ്രധാന കഥാപാത്രമായി വിഷ്ണു ഉണ്ണിക്കൃഷ്ണനും എത്തുന്നുണ്ട് എന്ന വാർത്തയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

ആ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ എല്ലാം WAITING…