സൂപ്പർനായകൻമാർക്ക് തൊടാനാവാത്ത ഉയരം തൊട്ട് ഒരു സൂപ്പർ നായിക ; സൗത്ത് കൊറിയയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായി പാർവ്വതിയുടെ “ഉയരെ” !

ആദ്യമായി ഒരു മലയാളസിനിമ സൗത്ത് കൊറിയയിൽ പ്രദർശിപ്പിക്കാൻ പോകുന്നു. അത് ഒരു സൂപ്പർനായകന്റെ ചിത്രമല്ല. സൂപ്പർനായികയുടെ ചിത്രം ; ഉയരെ. മലയാസിനിമ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെ ഒരു നേട്ടം. മലയാളസിനിമയിൽ നായകന്മാരെ പോലെ ശോഭിക്കുന്ന ഒരു കരുത്തുറ്റ നായിക പിറവിയെടുത്തിരിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും – പാർവ്വതി തിരുവോത്ത് ! അതെ, പാർവ്വതിയുടെ ഉയരെ ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നു. ബോബി സഞ്ജയിന്റെ രചനയില്‍ ഇതുവരെ ആരും പറയാൻ ധൈര്യപ്പെടാത്ത കഥയെ നവാഗതനായ മനു അശോക് സംവിധാനം ചെയ്ത് തിയറ്ററുകളിൽ എത്തിച്ചപ്പോൾ നിറകയ്യടികളോടെയാണ് ചിത്രം പ്രേക്ഷകർ കണ്ടുതീർക്കുന്നത്. ഉയരെയിൽ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയായി പാർവ്വതി ജീവിച്ചപ്പോൾ അതൊരു അതുല്യ പ്രകടനമായി മാറുകയായിരുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയെങ്ങും ചർച്ചയാവുകയാണ് ഈ ചിത്രം. ബോക്സ്‌ ഓഫീസിലും തരംഗം സൃഷ്ടിക്കുകയാണ് പാർവ്വതി കേന്ദ്രകഥാപാത്രമായ ഉയരെ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ഉയരെ നിർമ്മിച്ചിരിക്കുന്നു.

ഏപ്രില്‍ 26-ന് കേരളത്തിലും അതിനുശേഷം ഇന്ത്യയിലെ മറ്റിടങ്ങളിലും റിലീസ് ചെയ്ത പാര്‍വ്വതിയുടെ ഉയരെ കേരളത്തില്‍ 101 തീയേറ്ററുകളിലായിരുന്നു റിലീസെങ്കില്‍ കേരളത്തിന് പുറത്ത് 105 തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്. സവിശേഷത എന്തെന്നാൽ ഉയരെയ്ക്ക് കേരളത്തിലേതിനേക്കാള്‍ റിലീസിംഗ് സെന്ററുകള്‍ കേരളത്തിന് പുറത്തുണ്ടായിരുന്നു എന്നതാണ്. ചിത്രത്തിന് ബംഗളൂരുവിലാണ് കേരളത്തിന് പുറത്ത് ഏറ്റവുമധികം സ്‌ക്രീനുകള്‍ ലഭിച്ചത്.36 തീയേറ്ററുകളിലാണ് ബംഗളൂരുവിൽ ഉയരെ പ്രദർശിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ 18 തീയേറ്ററുകളിലും ഹൈദരാബാദില്‍ 6 സ്‌ക്രീനുകളിലും ഉത്തരേന്ത്യയില്‍ 44 ആന്‍ഡമാനിൽ 1 സ്‌ക്രീനിലും റിലീസിനെത്തിയ ഉയരെ മലയാളസിനിമയിൽ ഒരു നായികയുടെ എറ്റവും വലിയ വിജയചിത്രമാവുമെന്ന സൂചനയാണ് നൽകുന്നത്. ഇപ്പോൾ കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണം നേടി ഉയരങ്ങൾ കീഴടക്കുകയാണ് ഉയരെ.