ഇതുവരെ ആരും “കേൾക്കാത്ത, കാണാത്ത, പറയാത്ത” കഥയുമായി വരുന്നു ‘ഉണ്ട’ ; ടീസർ നാളെ 7 മണിക്ക് !

മധുരരാജയുടെ വമ്പൻ വിജയത്തിന് ശേഷമെത്തുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ട ജൂൺ ആദ്യ വാരം ഈദ് റിലീസ് ആയി തിയറ്ററുകളിൽ എത്തുകയാണ്. കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമായും വലിയ പ്രതീക്ഷകളോടെയാണ് ഈ മെഗാസ്റ്റാർ ചിത്രം ആരാധകരടങ്ങുന്ന പ്രേക്ഷകരിലേക്ക് എത്തുന്നത്. നാളെ വൈകീട്ട് 7 മണിക്ക് ഉണ്ടയുടെ ആദ്യ ടീസർ മമ്മൂട്ടിയുടെ പേജ് വഴി റിലീസ് ചെയ്യും. ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അനുരാഗ കരിക്കിൻ വെള്ളത്തിന്‌ വെള്ളത്തിന്‌ ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷാദാണ്.

ഉണ്ടയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. അതിൽ ഒരു പോസ്റ്റർ വളരെ കൗതുകാവഹമാണ്. ചെവി പൊത്തി മമ്മൂട്ടി, വായും കണ്ണും പൊത്തി കൂടെയുള്ളവരുമായുള്ള ഒരു പോസ്റ്റർ പുറത്ത് വന്നിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഇതുവരെ “കേൾക്കാത്ത, കാണാത്ത, പറയാത്ത” കഥയാണ് ഉണ്ട എന്നാണെന്ന് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നു. മറ്റൊരു പോസ്റ്റർ പോലീസുകാർ തന്നെ തരംഗമാക്കുന്നുണ്ട്.

ഛത്തീസ്ഗഡിലെ ഒരു മാവോയിസ്റ്റ് പ്രദേശത്ത് ഇലെക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ഒരു പോലീസ് സംഘത്തിന്റെ കഥയാണ് ഉണ്ട. മമ്മൂട്ടി കഥാപാത്രം എസ്‌.ഐ മണിയുടെ നേതൃത്വത്തിൽ പുറപ്പെടുന്ന ഈ പോലീസ് സംഘത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലുകളും ഒക്കെ ചിത്രത്തിൽ പ്രതിപാദിക്കുന്നു. ഇതുവരെ മലയാളസിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത രസകരവും ഉദ്വെഗവും നിറഞ്ഞ കഥയാണ് ഈ സിനിമയിലേത്. ഈ കൗതുകകരമായ കഥാഗതി ഉണ്ട എന്ന ചിത്രത്തിന് പ്രതീക്ഷകൾ നൽകുന്നതിന് കാരണമാണ്.

മറ്റൊരു പ്രധാന സവിശേഷത, ഈ സിനിമയിൽ അഭിനയിക്കുന്ന യുവതാരനിരയാണ്. യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ വളരെ പ്രധാനപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ കഥാപാത്രമായി ചിത്രത്തിലുണ്ട്. മറ്റൊരു പോലീസ് കഥാപാത്രമായി എത്തുന്നത് ഹരിശ്രീ അശോകന്റെ മകനും, അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന അർജുൻ അശോകനാണ്. ബിടെക്, പറവ, വരത്തൻ, ജൂൺ എന്നീ സിനിമകളിൽ മിന്നുന്ന പ്രകടനമാണ് അർജുൻ അശോകൻ കാഴ്‌ചവച്ചത്. അതോടൊപ്പം ക്യാമിയോ വേഷങ്ങളിൽ ആസിഫ് അലി, സുധി കോപ്പ, വിനയ് ഫോർട്ട്‌ എന്നിവരും വേഷമിടുന്നു.

ഉണ്ടയിൽ കൗതുകവും ആവേശവും നിറയ്ക്കുന്ന പ്രത്യേകത എന്തെന്നാൽ, ധൂം -3, ദങ്കൽ, പദ്മാവതി എന്നീ സിനിമകൾക്ക് ശേഷം ശാം കൗശൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നു എന്നതാണ്. അത്തരമൊരു വലിയ ആക്ഷൻ മാസ്റ്റർ ഉണ്ട എന്ന സിനിമയിൽ പ്രവർത്തിക്കുന്നത് എന്തിനായിരിക്കും എന്ന ചോദ്യം തന്നെ ത്രസിപ്പിക്കുന്നതാണ്. കൂടാതെ ജിഗർത്തണ്ട, സൂര്യയുടെ കാപ്പാൻ എന്നീ ചിത്രങ്ങളിലടക്കം പ്രവർത്തിച്ച സൗത്ത് ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകൻ ഗവേമിക് യു ആര്യയാണ് ഉണ്ടയുടെയും ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിചിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. സൗത്ത് ഇന്ത്യയിലെ വമ്പൻ ബാനറായ ജെമിനി സ്റ്റുഡിയോസാണ് ഉണ്ട നിർമ്മിച്ച് വിതരണം ചെയ്യുന്നത്.