ഉണ്ടയുടെ ടീസർ കൊളുത്തി ; “പച്ചയിലേക്ക് നോക്കി ശ്വാസം തിരിച്ചെടുത്ത് ഇടത് കണ്ണടച്ച് പോയിന്റിൽ നോക്കി ഒറ്റ വെടി..” – റിയൽ മെഗാസ്റ്റാറിന്റെ റിയലസ്റ്റിക് ട്രാൻസ്ഫോർമേഷൻ ! #Trending

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ഉണ്ട’യുടെ ടീസർ പുറത്ത്. ഇന്ന് വൈകീട്ട് 7 മണിക്ക് ഉണ്ടയുടെ ആദ്യ ടീസർ റിലീസ് ചെയ്തത് സൂപ്പർ മെഗാ താരങ്ങൾ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചാണ്. അവരവരുടെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്ത ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
പക്കാ റിയലിസ്റ്റിക് പോലീസ് ഓഫീസർ ആയി മമ്മൂട്ടി സ്വാഭാവിക ഭാവങ്ങളാൽ വിസ്മയിപ്പിക്കുന്നു. ഒരുകൂട്ടം പോലീസുകാർക്ക് ഉപദേശം കൊടുക്കുന്ന സീനിയർ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. കെട്ടിലും മട്ടിലും ഏറെ പുതുമ തോന്നിക്കും വിധമാണ് മെഗാസ്റ്റാറിനെ സംവിധായകൻ ഖാലിദ് റഹ്മാൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു വനം പശ്ചാത്തലത്തിലാണ് കഥ എന്ന് ടീസർ സൂചിപ്പിക്കുന്നു. തോക്കുകളും ഉണ്ട പൊട്ടിക്കലുമൊക്കെയായി അല്പം സംഘർഷ ഭരിതമാണ് ചുറ്റുപാടുകൾ. ഏതായാലും ജൂൺ ആദ്യവാരം റിലീസ് ചെയ്യാൻ പോകുന്ന ഈ മമ്മൂട്ടി ചിത്രത്തിന് ഈയൊരൊറ്റ ടീസർ കൊണ്ട് ഹൈപ്പ് വർധിച്ചിരിക്കുകയാണ്.

അനുരാഗ കരിക്കിൻ വെള്ളത്തിന്‌ വെള്ളത്തിന്‌ ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹർഷാദാണ്. കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമായും വലിയ പ്രതീക്ഷകളോടെയാണ് ഈ മെഗാസ്റ്റാർ ചിത്രം ആരാധകരടങ്ങുന്ന വലിയ വിഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്.

മറ്റൊരു പ്രധാന സവിശേഷത, ഈ സിനിമയിൽ അഭിനയിക്കുന്ന യുവതാരനിരയാണ്. യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ വളരെ പ്രധാനപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ കഥാപാത്രമായി ചിത്രത്തിലുണ്ട്. മറ്റൊരു പോലീസ് കഥാപാത്രമായി എത്തുന്നത് ഹരിശ്രീ അശോകന്റെ മകനും, അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന അർജുൻ അശോകനാണ്. ബിടെക്, പറവ, വരത്തൻ, ജൂൺ എന്നീ സിനിമകളിൽ മിന്നുന്ന പ്രകടനമാണ് അർജുൻ അശോകൻ കാഴ്‌ചവച്ചത്. അതോടൊപ്പം ക്യാമിയോ വേഷങ്ങളിൽ ആസിഫ് അലി, സുധി കോപ്പ, വിനയ് ഫോർട്ട്‌ എന്നിവരും വേഷമിടുന്നു.

ഉണ്ടയിൽ കൗതുകവും ആവേശവും നിറയ്ക്കുന്ന പ്രത്യേകത എന്തെന്നാൽ, ധൂം -3, ദങ്കൽ, പദ്മാവതി എന്നീ സിനിമകൾക്ക് ശേഷം ശാം കൗശൽ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നു എന്നതാണ്. അത്തരമൊരു വലിയ ആക്ഷൻ മാസ്റ്റർ ഉണ്ട എന്ന സിനിമയിൽ പ്രവർത്തിക്കുന്നത് എന്തിനായിരിക്കും എന്ന ചോദ്യം തന്നെ ത്രസിപ്പിക്കുന്നതാണ്. കൂടാതെ ജിഗർത്തണ്ട, സൂര്യയുടെ കാപ്പാൻ എന്നീ ചിത്രങ്ങളിലടക്കം പ്രവർത്തിച്ച സൗത്ത് ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകൻ ഗവേമിക് യു ആര്യയാണ് ഉണ്ടയുടെയും ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിചിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. സൗത്ത് ഇന്ത്യയിലെ വമ്പൻ ബാനറായ ജെമിനി സ്റ്റുഡിയോസാണ് ഉണ്ട നിർമ്മിച്ച് വിതരണം ചെയ്യുന്നത്.