സംഭവിച്ചതെല്ലാം തെറ്റിദ്ധാരണ മൂലം ; താത്‌കാലിക പ്രശ്‌നങ്ങൾ മാറി രണ്ടാമൂഴം വരും : വി എ ശ്രീകുമാർ മേനോൻ

‘രണ്ടാമൂഴം’ എന്ന ചിത്രം വളരെ പ്രതീക്ഷയോടു കൂടിയാണ് പ്രഖ്യാപിക്കപ്പെട്ടത്. ജ്ഞാനപീഠം അവാർഡ് ജേതാവായ മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം. ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഇപ്പോൾ കോടതിയും കേസുമായി നടക്കുകയാണ്.

എന്നാൽ ‘രണ്ടാമൂഴം’ വിട്ടുകളഞ്ഞിട്ടില്ല എന്നും സിനിമ ആരംഭിക്കുന്നതിനു മുൻപായി നേരിട്ട ചില തടസങ്ങളാണ്‌ ഇപ്പോൾ ഉള്ളതെന്നും സംവിധായകൻ വി എ ശ്രീകുമാർ മേനോൻ പറയുന്നു. കുറച്ചു കാലതാമസം ഉണ്ടായാലും ‘രണ്ടാമൂഴം’ യാഥാർഥ്യമാകുമെന്നും പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടക്കുകയാണെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.

വ്യവസായ പ്രമുഖനായ ബി. ആർ ഷെട്ടിയാണ് 1000 കോടി മുടക്കി ‘രണ്ടാമൂഴം’ നിർമ്മിക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. എം. ടി യും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് നടക്കുന്നതിനാൽ താൻ ഈ സിനിമയുടെ നിർമ്മാണത്തിൽ നിന്ന് താത്‌കാലികമായി പിന്മാറുകയാണെന്നും ബി. ആർ ഷെട്ടി ഈയിടെ അറിയിച്ചിരുന്നു.