ഈ നാഴികക്കല്ല് കരസ്ഥമാക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള സിനിമാപ്രേമികളോട് സന്തോഷത്തോടെ നന്ദി പറയുന്നു :- മോഹൻലാൽ” #Lucifer200Crore #Milestone

മലയാളസിനിമയിലെ ആദ്യത്തെ 200 കോടി കളക്ഷൻ നേടിയ ചിത്രം എന്ന പെരുമ ഇനി ലൂസിഫറിന്. “ഈ നാഴികക്കല്ല് കരസ്ഥമാക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള സിനിമാപ്രേമികളോട് സന്തോഷത്തോടെ നന്ദി പറയുന്നു” എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ നന്ദി വാക്കായി കുറിച്ചു. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്യം എന്ന ശീർഷകത്തോടെയുള്ള പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് ഈ ചരിത്രനിമിഷം നിർമ്മാതാവ് ആശിർവാദ് സിനിമാസ് പങ്കുവച്ചത്. ലൂസിഫറിനെ ലോക സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കിയതിന് പ്രേക്ഷകർക്ക് നന്ദിയും ഇതോടൊപ്പം കുറിക്കുന്നുണ്ട്. 50ആം ദിവസത്തിലായിരുന്നു ഈ നേട്ടം എന്നതാണ് കൗതുകം. ഇപ്പോഴും ലൂസിഫർ 117ഓളം തിയറ്ററുകളിൽ ഹോൾഡ് ഓവർ ആവാതെ നിലനിൽക്കുന്നു എന്നതിന്റെ തിയറ്റർ ലിസ്റ്റ് സഹിതം പോസ്റ്ററിൽ ചേർത്താണ് 50 ദിനങ്ങളിൽ 200 കോടി എന്ന അത്ഭുത വാർത്ത പോസ്റ്റർ രൂപത്തിൽ നിർമ്മാതാവ് സോഷ്യൽ മീഡിയയിൽ ഔദ്യോഗികമെന്നോണം ഷെയർ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് അടക്കമുള്ളവർ ഈ വാർത്ത സ്ഥിരീകരിച്ചു.

ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച് വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ലൂസിഫർ. ലൂസിഫർ 13 ദിവസം കൂടി കഴിഞ്ഞ് 21-ആം ദിവസം എത്തിയപ്പോൾ 150 കൊടി ഗ്രോസ്സ് കളക്ഷൻ നേടിയെന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടൊപ്പം ലൂസിഫർ പുലിമുരുകന്റേതടക്കം മലയാളത്തിലെ നിലവിലെ ബോക്സ്‌ ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തു എന്ന് വേണം ഈ 200 കോടി പ്രഖ്യാപനംക്കൊണ്ട് കരുതാൻ. ആദ്യ 50 കോടി, 100 കോടി, 200 കോടി ചിത്രങ്ങൾ എല്ലാം മോഹൻലാലിന്റെ പേരിലാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.