മധു വാര്യര്‍ സംവിധായകനാകുന്നു; ബിജു മേനോന്‍-മഞ്ജു വാര്യര്‍ പ്രധാനവേഷങ്ങളില്‍

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധായകനാകുന്നു. മഞ്ജു തന്നെയാകും ചിത്രത്തിലെ നായിക, നായകനായി തീരുമാനിച്ചിരിക്കു ന്നത് ബിജു മേനോനെയാണ്. മോഹന്‍ദാസ് ദാമോദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പ്രമോദ് മോഹനാണ്.

മധു തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് നിര്‍മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.’–മധു പറഞ്ഞു.

സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവര്‍ ഒന്നിച്ച കൃഷ്ണഗുഡിയില്‍ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു.