ബധിരയും, ഊമയുമായി തമന്ന, സൈക്കോയായി പ്രഭുദേവ; പേടിപ്പിക്കാന്‍ ‘ഖാമോഷി’ എത്തുന്നു; ഇംഗ്ലീഷ് ചിത്രം ഹഷുമായി സാമ്യത; രണ്ടിന്റെയും ട്രെയ്‌ലര്‍ കാണാം

പ്രഭുദേവ, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചക്രി തലോത്തി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ഖാമോഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സൈക്കോ കഥാപാത്രമായി പ്രഭുദേവ വേഷമിടുമ്പോള്‍ ബധിരയും ഊമയുമായ പെണ്‍കുട്ടിയായാണ് തമന്ന അഭിനയിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ മൈക്ക് ഫ്‌ലാങ്കന്‍ ചിത്രം ഹഷില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ഖാമോഷ് നിര്‍മ്മിച്ചിരിക്കുന്നത്.

ഭൂമിക ചൗള, മുര്‍ളി ശര്‍മ, സഞ്ജയ് സൂരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസ് ചിത്രത്തില്‍ അതിഥിവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സമീറും ടണ്ഡനും സത്യാ മാണിക് അഫ്‌സര്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹോളിവുഡില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

ഹിന്ദിയില്‍ എത്തുമ്പോള്‍ ഇതിനോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഭുദേവ, തമന്ന എന്നിവരുടെ ഹൊററര്‍ കോമഡിയായ ദേവി എന്ന ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഖാമിഷ് എത്തുന്നത്. തമിഴില്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ മെര്‍ക്കുറിയില്‍ പ്രഭുദേവ ഒരു സൈക്കോ കഥാപാത്രം അവതരിപ്പിച്ചിരുന്നു.