മാർട്ടിൻ പ്രക്കാട്ട് ഇടയ്ക്കിടെ പറയും : ‘നമ്മുടെ മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ എന്തായേനെ?, എന്നെപ്പോലെ ഒരുപാട് പേരെ സഹായിച്ച മഹാവ്യക്തിത്വത്തിന് നന്ദി :- ജോജു ജോർജ്ജ് പറയുന്നു..

2018ലെ മികച്ച സിനിമകളിൽ ഒന്നായ ജോസഫിന്റെ 125ാം ദിവസ ആഘോഷ പരിപാടികൾ കൊച്ചിയിലെ ഐ.എം.എ ഹാളിൽ വച്ച് അരങ്ങേറിയപ്പോൾ മുഖ്യാതിഥി ആയി എത്തിയത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. സംവിധായകൻ എം. പത്മകുമാർ ജോജു മറ്റു ജോസഫ് അണിയറപ്രവർത്തകർ, അതിഥികൾ എല്ലാവരും സന്നിഹിതരായ ചടങ്ങിൽ മമ്മൂട്ടി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. അത് കഴിഞ്ഞ് മമ്മൂട്ടി വേദിയിൽ നിൽക്കുമ്പോൾ തന്നെ മമ്മൂട്ടി ജോജു ഒരു ഓർമ്മ പങ്കുവച്ചു. മമ്മൂട്ടി നായകനായി എത്തി 2000-ൽ റിലീസ് ചെയ്ത ദാദാ സാഹിബിലാണ് ആദ്യമായി ഡയലോഗ് പറയാനുള്ളൊരു വേഷം ലഭിച്ചതെന്ന് പറഞ്ഞ ജോജു ആ സിനിമയുടെ സെറ്റിൽ വച്ച് നടന്ന രസകരമായൊരു ഒരു സംഭവവും ജോജു ഓർത്തെടുത്തു പറയുകയുണ്ടായി.

ജോജു പറഞ്ഞ വാക്കുകൾ :–

‘99–ലാണ് ഞാൻ ആദ്യമായി ഡയലോഗ് പറയുന്നത്. ദാദാ സാഹിബ് എന്ന സിനിമയിൽ. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാൻ അഭിനയിക്കേണ്ടത്, മമ്മൂക്കയെ വയറ്റിൽ പിടിച്ച് തള്ളി മാറ്റുന്നൊരു രംഗവും. ഞാൻ ആത്മാർത്ഥമായി പിടിച്ചുമാറ്റി.സീൻ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോൾ വിനയൻ സാർ ചോദിച്ചു ‘എന്തെങ്കിലും പറ്റിയോന്ന്?’. മമ്മൂക്ക ഷർട്ട് പൊക്കി നോക്കിയപ്പോൾ, വയറ്റിൽ ഞാൻ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുന്നതാണ് കണ്ടത്. എന്റെ ആത്മാർത്ഥ മുഴുവൻ ഞാൻ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്.

‘ആ പാട് കണ്ടപ്പോൾ എന്റെ കാര്യം ഇതോടെ തീർന്നു എന്നാണ് വിചാരിച്ചത്. എന്നാൽ എന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. അവിടുന്നങ്ങോട്ട് എത്രയോ വേഷങ്ങളിൽ അദ്ദേഹം എന്നെ കൂടെക്കൂട്ടി. രാജാധിരാജ ഉൾപ്പടെ. മാർട്ടിൻ പ്രക്കാട്ട് എന്നോട് ഇടയ്ക്കിടെ പറയും, ‘നമ്മുടെ മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ എന്തായേനെ’. എന്തുകാര്യവും പറയാൻ പറ്റുന്ന മഹാനായ വ്യക്തി നമ്മുടെ കൂടെ ഉണ്ട് എന്നു പറയുന്നത് തന്നെ വലിയ കാര്യം. എന്നെപ്പോലെ ഒരുപാട് പേരെ സഹായിച്ച മഹാവ്യക്തിത്വത്തിന് നന്ദി.’

ജോജുജോർജ്ജ് നായകനായ ജോസഫ് എന്ന സിനിമയുടെ വിജയത്തെ കുറിച്ച് ഏറെ സന്തോഷത്തോടെയാണ് മമ്മൂട്ടി സംസാരിച്ചത്. ‘വലിയ വിജയങ്ങൾ ചെറുതാവുന്ന കാലത്ത് ഈ സിനിമയുടെ വിജയം നല്ല സിനിമയുടെ വിജയമാണ് എന്ന് മമ്മൂട്ടി പറഞ്ഞു.