ആദ്യ സിനിമ സംരംഭം തന്നെ 100 കോടി ക്ലബ്ബിൽ കയറ്റിയ മോളിവുഡിലെ ഏക നിർമ്മാതാവ് ഇനി നെൽസൺ ഐപ്പ് ! #RECORD #MadhuraRaja100Crore

2019ൽ മോളിവുഡ് ബോക്സ്ഓഫീസിൽ കൊടുങ്കാറ്റായി വീശിയടിച്ച മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ആകെ ബിസിനസില്‍ 45 ദിവസം കൊണ്ട് 104 കോടി നേടിയെടുത്തതായി ഏവരെയും ഔദ്യോഗികമായി അറിയിച്ചത് നിർമ്മാതാവ് നെൽസൺ ഐപ്പാണ്. പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയതായും അദ്ദേഹം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇത് രണ്ടും റെക്കോർഡാണ് മോളിവുഡിൽ ഒരു നിർമ്മാതാവ് ചെയ്യുന്ന ആദ്യ സിനിമാ സംരംഭം തന്നെ 50 കോടി, 100 കോടി എന്ന സുവർണ്ണ നേട്ടങ്ങൾ കൈവരിക്കുന്നത് ഇതാദ്യമായാണ്. ഈ റെക്കോർഡ് ഇനി മധുരരാജയുടെ നിർമ്മാതാവ് നെൽസൺ ഐപ്പിന് മാത്രം സ്വന്തമായിരിക്കുകയാണ്.

തന്റെ ആദ്യത്തെ സിനിമ സംരംഭം തന്നെ 45 ദിവസം കൊണ്ട് 104 കോടി ആകെ വ്യാപാരം നേടിയതിൽ നിർമ്മാതാവ് നെൽസൺ ഐപ്പ് ഏവർക്കും നന്ദി പറഞ്ഞു. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ സിനിമയ്ക്ക് അകത്തും പുറത്തും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്ന ഈ നിർമ്മാതാവ് അദ്ദേഹത്തിന്റെ ശക്തി സ്വന്തം കുടുംബവും കൂട്ടുകാരുമാണ് എന്ന് എടുത്തുപറയുന്നു. മധുരരാജ വലിയ വിജയമാക്കാൻ തിയറ്ററിൽ എത്തി സിനിമ കണ്ട ലോകം മൊത്തമുള്ള സിനിമാസ്വാദകർക്കും ആരാധകർക്കും നെൽസൺ ഐപ്പ് നന്ദി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നെൽസൺ ഐപ്പ് ഈ സന്തോഷം പങ്കിട്ടത്.

2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ 2019ൽ ഒരുക്കിയത്. മധുരരാജ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ സംവിധായകന്‍ വെെശാഖും വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ സിനിമയാണ് വെെശാഖിന്‍റേതായി ബോക്സ്ഓഫീസില്‍ കളക്ഷനില്‍ തരംഗം തീര്‍ത്തിരിക്കുന്നത്. നേരത്തെ, മോഹന്‍ലാല്‍ നായകനായെത്തിയ വെെശാഖ് ചിത്രം പുലിമുരുകന്‍ അന്ന് മലയാള സിനിമയുടെ ഒട്ടുമിക്ക കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്. പ്രദര്‍ശനത്തിന് എത്തിയത് മുതല്‍ തീയറ്ററുകളെ ഉത്സപ്പറമ്പാക്കിയാണ് മധുരരാജ മുന്നോട്ട് കുതിച്ചത്.

This site is protected by wp-copyrightpro.com