‘ടേക്ക് ഓഫി’നു ശേഷം മഹേഷ് നാരായൺ വീണ്ടും..ഫഹദ് ഫാസിലും പാർവതിയും നായികാനായകന്മാർ…

മലയാള സിനിമയിലെ ഏറ്റവും മികച്ച എഡിറ്റർമാരിൽ ഒരാളായ മഹേഷ് നാരായൺ വീണ്ടും സംവിധായകൻ്റെ തൊപ്പി അണിയുന്നു. ‘ടേക്ക് ഓഫ്’ എന്ന വിജയ ചിത്രത്തിനു ശേഷം ഇത് രണ്ടാം തവണയാണ് മഹേഷ് നാരായണൻ സംവിധായകനായി എത്തുന്നത്.

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസ്’ എന്ന ചിത്രത്തിൽ അഭിനയിച്ചു വരുന്ന ഫഹദ് അത് പൂർത്തിയാക്കിയാലുടൻ മഹേഷിൻ്റെ ചിത്രത്തിലേക്കാവും ജോയിൻ ചെയ്യുക. അമൽ നീരദ് ക്യാമറ കൈകാര്യം ചെയ്യുന്ന ‘ട്രാൻസ്’ അതിൻ്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്.

സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ എന്ന ചിത്രത്തിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. ‘ടേക്ക് ഓഫി’ലും ഫഹദും പാർവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇരുവരെയും കൂടാതെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരും ‘ടേക്ക് ഓഫി’ൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആയിരിക്കും ഇത് വരെ പേരിടാത്ത ഈ ചിത്രം നിർമ്മിക്കുക. രാജേഷ് പിള്ള ഫിലിംസിനും ഷെബിൻ ബെക്കറിനും ഒപ്പം ആന്റോ ജോസഫ് കൂടി ചേർന്നാണ് ‘ടേക്ക് ഓഫ്’ നിർമ്മിച്ചത്.