റിയൽ ലൈഫിൽ മമ്മൂക്കയാണ് ബിഗ് ബ്രദർ ; റീൽ ലൈഫിൽ മോഹൻലാലും ;- ‘സംവിധായകൻ സിദ്ദിഖ്’ പറയുന്നു..

ഒരുകാലത്ത് മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർഹിറ്റ് സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ നിന്ന് മാറി സ്വയം ഒറ്റയ്ക്ക് സംവിധായകനായും കഴിവ് തെളിയിച്ച പ്രിയ ചലച്ചിത്രകാരനാണ് സിദ്ദിഖ്. ചിരിക്കാനും ചിന്തിക്കാനും നൊമ്പരപ്പെടുത്താനും ഒരുപോലെ കഴിയുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സിദ്ദിഖ് എന്ന സംവിധായകന്റെ ഓരോ ചിത്രങ്ങളും മലയാളികൾക്ക് മറക്കാൻ കഴിയാത്തതാണ്. മലയാളസിനിമയിൽ ഹിറ്റ്ലർ മുതൽ ഇങ്ങോട്ട് നിറയെ ഹിറ്റ് സിനിമകൾ അദ്ദേഹം സ്വന്തമായി സംഭാവന ചെയ്തു. നേരിയ ഒരു ഇടവേള കഴിഞ്ഞ് സിദ്ദിഖ് വീണ്ടും മലയാളസിനിമയിൽ സജീവമാകുകയാണ്. മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറാണ് സിദ്ദിഖിന്റെ തിരിച്ചുവരവ് ചിത്രം.

ഏകദേശം 25 കോടിയോളം മുതൽമുടക്കിൽ സിദ്ദിഖ് തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ബിഗ് ബ്രദറിൽ മോഹൻലാലിനൊപ്പം അനൂപ് മോനോനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിൽ മോഹൻലാൽ ബിഗ് ബ്രദർ ആയി വരുമ്പോൾ ജീവിതത്തിൽ ആരാ അങ്ങനെയൊരു സ്ഥാനത്ത് ? എന്ന ചോദ്യത്തിന് തന്റെ റിയൽ ലൈഫ് ബിഗ് ബ്രദർ മമ്മൂട്ടിയാണ് എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. മമ്മൂട്ടിക്കൊപ്പം ‘ഹിറ്റ്ലർ, ക്രോണിക് ബാച്ച്ലർ, ഭാസ്കർ ദ റാസ്കൽ’ തുടങ്ങിയ മെഗാഹിറ്റുകൾ നൽകിയ സംവിധായകൻ കൂടിയാണ് സിദ്ദിഖ്.

കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ റിയൽ ബിഗ് ബ്രദറിനെക്കുറിച്ച് സിദ്ദിഖ് പറയുന്നത് ;

‘‘സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് തന്നെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആളായിരിക്കുമല്ലോ ബിഗ് ബ്രദര്‍. സിനിമ അല്ലാതെയുള്ള കാര്യങ്ങളില്‍ പോലും മമ്മുക്ക എനിക്ക് ബിഗ് ബ്രദറാണ്. എന്റെ വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങിച്ചതില്‍ പോലും മമ്മുക്കയുടെ സ്വാധീനമുണ്ട്. അങ്ങനെ എന്റെ എല്ലാ നല്ല കാര്യങ്ങളിലും മമ്മുക്കയ്ക്ക് താല്‍പ്പര്യമുണ്ട്” – സിദ്ദിഖ് പറഞ്ഞു.