ദിലീപിന്റെ സഹോദരന്‍ സംവിധായകനാകുന്നു; നിര്‍മ്മാണം ദിലീപ്; നായകന്‍ സൂപ്പര്‍താരം?

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം. സന്തോഷ് ഏച്ചിക്കാനത്തിന്റെ തന്നെ ചെറുകഥയുടെ അടിസ്ഥാനമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഒരു സൂപ്പര്‍താരം അഭിനയിക്കുമെന്നാണ് വിവരം. ദിലീപിന്റെ അതിഥിവേഷം ഏതായാലും ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന വിവരം.

സന്തോഷ് ഏച്ചിക്കാനം തിരക്കഥ രചിച്ച ഞാന്‍ സ്റ്റീവ് ലോപ്പസ്. അന്നയും റസൂലും. ചന്ദ്രേട്ടന്‍ എവിടെയാ, നിദ്ര എന്ന ചിത്രങ്ങള്‍ക്ക് നിരൂപക, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഏച്ചിക്കാനത്തിന്റെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ബിരിയാണി എന്ന ചെറുകഥ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏതായാലും അനൂപിന്റെ ചിത്രത്തിന് കെട്ടുറപ്പുള്ള തിരക്കഥ ഉണ്ടായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

ദിലീപ് നിര്‍മ്മിച്ച ട്വന്റി 20 മലയാള സിനിമയിലെ ഇന്‍ഡസ്ട്രി ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ എന്നിവരെ ഇന്‍ഡസ്ട്രിയില്‍ ലോഞ്ച് ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രവും ദിലീപാണ് നിര്‍മ്മിച്ചത്.