മമ്മൂക്കയ്ക്ക് പ്രശ്‌നമില്ല…ചില ഫാൻസിനാണ് പ്രശ്‌നം : ബോബി

‘കസബ’ എന്ന ചിത്രത്തിനെതിരെ നടി പാർവതി സംസാരിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. പിന്നീട് ഒരു വലിയ സൈബർ ആക്രമണം തന്നെ പാർവതി നേരിടേണ്ടി വന്നു. ഇപ്പോൾ ബോബി സഞ്ജയ്‌യുടെ തിരക്കഥയിൽ നവാഗതനായ മനു അശോകൻ സംവിധാനം ചെയ്‌ത ‘ഉയരെ’യിൽ മികച്ച പ്രകടനം കാഴ്ച വച്ച് പാർവതി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

‘ഉയരെ’യുടെ തിയേറ്റർ കളക്ഷനുകൾ സൂചിപ്പിക്കുന്നത് പാർവതിക്ക് എതിരെയുള്ള വിവാദങ്ങൾ ചിത്രത്തെ ബാധിച്ചിട്ടില്ല എന്ന് തന്നെയാണ്. മമ്മൂക്കയും പാർവതിയും തമ്മിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ല എന്നും ഇതൊക്കെ ചില ഫാൻസുകൾക്ക് മാത്രമുള്ള പ്രശ്‌നമാണെന്നും ‘ഉയരെ’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബോബി, ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി..

പാര്‍വതിക്ക് നേരെ നടക്കുന്ന അറ്റാക്കുകള്‍ എന്ന് പറയുന്നത് മമ്മൂക്ക അഭിനയിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന്റെ ഭാഗമാണ്. അതില്‍ ഏറ്റവും ഒഫാന്റഡ് ആകേണ്ടത് അദ്ദേഹമാണ്. അദ്ദേഹത്തിനാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ല. മാത്രമല്ല നമ്മുടെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ മുഖ്യ തിഥിയായി എത്തിയത് മമ്മൂക്കയായിരുന്നു. വിരോധമുണ്ടെങ്കിൽ അദ്ദേഹം വരില്ലല്ലോ. അദ്ദേഹത്തിന്റെ ചില ഫാൻസാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അല്ലാതെ അവർക്ക് തമ്മിൽ ഒരു പ്രശ്‌നവുമില്ല. മമ്മൂക്ക ഇപ്പോൾ സ്ഥലത്തില്ല, അദ്ദേഹം തിരിച്ചു വന്നാലുടൻ ‘ഉയരെ’ കാണുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. – ബോബി പറയുന്നു.