എന്നെ തല്ലാൻ തോന്നുന്നു എന്ന് കേൾക്കുമ്പോൾ വളരെയധികം സന്തോഷം : ആസിഫ് അലി

‘ഉയരെ’ തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴും പാർവതിക്ക് കയ്യടി ലഭിക്കുമ്പോഴും ഒരുപാട് പ്രശംസകൾ ഏറ്റു വാങ്ങുന്ന കഥാപാത്രമാണ് ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ്. ഇപ്പോഴുള്ള യുവ താരങ്ങളിൽ മികച്ച ഒരു സ്ഥാനത്ത് നിൽക്കുന്ന ഒരു താരം, ഒരു വില്ലൻ ടച്ചുള്ള കഥാപാത്രം ചെയ്യാൻ എടുത്ത തീരുമാനത്തെ പ്രശംസിക്കുകയാണ് സമൂഹ മാധ്യമങ്ങളും പ്രേക്ഷകരും.

സിനിമ കണ്ടിറങ്ങിയാൽ ആസിഫിന് ഒരു അടി കൊടുക്കണം എന്ന് തോന്നുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമാണ് എന്നാണ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറയുന്നത്..

എനിക്ക് പരിചയമുള്ളവരിൽ പലരും പറഞ്ഞത്, ആസിഫേ പടം കഴിഞ്ഞിറങ്ങുമ്പോൾ ഈ തിയേറ്റർ പരിസരത്ത് എങ്ങാനും ഉണ്ടായിരുന്നേൽ തന്നെ ഞാൻ തല്ലിയേനെ എന്നാണ്. അത് കേൾക്കുമ്പോൾ എൻ്റെ മുഖത്ത് ഒരു ചിരി വരും. കാരണം നമ്മുടെ ഈ ജനറേഷനിലെ ഒരുപാട് പേർക്ക് ഗോവിന്ദ് മാരെ അറിയാം. എനിക്കും അറിയാം. എന്തിനധികം എന്നിൽ തന്നെ ഗോവിന്ദിൻ്റെ ചില അംശങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

എൻ്റെ കരിയറിലെ ഒരു പോയിന്റ്‌ കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് നടൻ ആകണോ താരം ആകണോ എന്ന സംശയമാണ്. ഒരു നടൻ ആവണം എന്ന് തന്നെയായിരുന്നു എൻ്റെ മനസ്സിൽ.സിനിമകൾ തിരഞ്ഞെടുക്കാനുള്ള ഭാഗ്യം എനിക്ക് ഉള്ളപ്പോൾ ഞാൻ എൻ്റെ മനസ്സിന് സംതൃപ്‌തി നൽകാൻ പോന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു.