ദൃശ്യം ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ സംവിധായകനോട് ഒരേ ഒരു ഡിമാന്റ് മാത്രമാണ് ഞാന്‍ വെച്ചത്; ഒര്‍ജിനല്‍ ദൃശ്യത്തെപ്പറ്റി വാചാലനായി ബോളിവുഡ് താരം അജയ് ദേവഗണ്‍

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും അനുയോജ്യമായ സമയത്ത് റിലീസ് ചെയ്ത ചിത്രമായിരുന്നു ദൃശ്യം. തുടരെ പരാജയങ്ങള്‍ ഉണ്ടായപ്പോള്‍ പെട്ടന്നൊരിക്കല്‍ തീയ്യേറ്ററില്‍ പിറന്ന ഒരു സുവര്‍ണ്ണചിത്രം. മൗത്ത് പബ്ലിസിറ്റി തന്നെയായിരുന്നു ദൃശ്യം എന്ന സിനിമയെ ഇത്രയും വലിയ വിജയമാക്കി തീര്‍ത്തതെന്ന് നിസംശയം പറയാം. അത്രമേല്‍ ആശ്ചര്യത്തോടെയാണ് പ്രേക്ഷകര്‍ സിനിമ കണ്ടു പുറത്തിറങ്ങിയത്. റിലീസ് ചെയ്തു ആറു വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമ പ്രേക്ഷകരെ വിട്ടു പോയിട്ടില്ല.

ഇതു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ബോളിവുഡ് താരം അജയ് ദേവഗണ്‍ പറഞ്ഞ വാക്കുകള്‍. പൊതുവേ സംവിധായകനില്‍ വിശ്വസിക്കുന്ന നടനാണ് താന്‍. അതുകൊണ്ടു തന്നെ സിനിമ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഞാന്‍ കൈകിടത്താറില്ല. എന്നാല്‍ ദൃശ്യം ഹിന്ദിയില്‍ ചെയ്യുമ്പോള്‍ സംവിധായകനോട് ഒരു കാര്യം ചോദിച്ചു ഉറപ്പുവരുത്തി. ഒര്‍ജിനല്‍ ദൃശ്യത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല എന്ന ഉറപ്പ്. കാരണം മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്ത ദൃശ്യം ഒരു ബ്രില്യന്റ് സൃഷ്ടിയായിരുന്നു. അതില്‍ കൈകടിത്തിയാല്‍ പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു.

റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ദേ ദേ പ്യാര്‍ ദേ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വേളയിലാണ് അജയ് ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ ജീത്തുജോസഫ് ചെയ്ത ദൃശ്യം ഹിന്ദിയില്‍ നിഷികാന്ത് കാമത്താണ് സംവിധാനം ചെയ്തത്. സിനിമ ഹിന്ദിയിലും ഏറെ ശ്രദ്ധനേടുകയും, നല്ല ബിസിനസ് കൈവരിക്കുകയും ചെയ്തിരുന്നു. ഹിന്ദിക്ക് വേണ്ടി ഉപേന്ദ്ര സിദായേയാണ് സംഭാഷണം രചിച്ചത്.