50-ാം ദിവസത്തിൽ 119 തിയറ്ററുകളിൽ ഹോൾഡ് ഓവർ ആവാതെ പ്രദർശനം ; പുലിമുരുകന്റെ റെക്കോർഡ് തകർത്ത് ലൂസിഫർ ഇൻഡസ്ട്രി ഹിറ്റിലേക്ക്..

മലയാള സിനിമയിലെ എറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന സ്റ്റാറ്റസിലേക്ക് മോഹൻലാലിന്റെ ലൂസിഫർ എത്തിച്ചേരുകയാണ്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ലൂസിഫർ ഇപ്പോൾ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലൂസിഫർ കേരളത്തിൽ പ്രദർശിപ്പിക്കുന്നത് 119 തിയറ്ററുകളിലാണ്. ഇതിന് മുൻപ് 2016ൽ 108 തിയറ്ററിൽ അമ്പതാം ദിവസം പ്രദർശിപ്പിച്ച പുലിമുരുകന്റെ റെക്കോർഡാണ് ലൂസിഫർ തകർത്തത്. പുലിമുരുകന് മുൻപ് 2013ൽ ദൃശ്യത്തിനായിരുന്നു ഈ റെക്കോർഡ്. അന്ന് അമ്പതാം ദിവസം 75 തിയറ്ററുകളിലാണ് അന്ന് ദൃശ്യം കളിച്ചത്.

കേരളത്തിൽ നിന്ന് മാത്രം 27,000 ഷോകൾ പൂർത്തിയാക്കിയിരുന്നു ലൂസിഫർ. മലയാള സിനിമയിലെ എറ്റവും വലിയ വിജയ ചിത്രമായി മാറുന്ന ലൂസിഫർ ലോക വ്യാപകമായി 40,000 ഷോകളും നേരത്തെ പൂർത്തിയാക്കിയിരുന്നു. ജി.സി.സിയിൽ 10000 ഷോകളും പൂർത്തിയാക്കിയ ലൂസിഫർ മലയാളസിനിമയിൽ അപൂർവ്വങ്ങളായി സംഭവിക്കുന്ന ബോക്സ്‌ ഓഫീസ് നേട്ടങ്ങളാണ് ഇതുവരെ കൈവരിച്ചത്. ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച സിനിമയാണ്. ലൂസിഫർ 13 ദിവസം കൂടി കഴിഞ്ഞ് 21-ആം ദിവസം എത്തിയപ്പോൾ 150 കൊടി ഗ്രോസ്സ് കളക്ഷൻ നേടിയെന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരുപക്ഷെ കഴിഞ്ഞ കുറച്ച് കാലങ്ങളായി മോഹൻലാൽ ചിത്രങ്ങളിലൂടെ മാത്രമാണ് ഇത്തരം നേട്ടങ്ങൾ മലയാളസിനിമ സാക്ഷ്യം വഹിക്കുന്നത് എന്നതും സവിശേഷതയാണ്.