100 കോടിയും കടക്കാൻ മധുരരാജ ; ചൈനയിൽ കൂടുതൽ സ്‌ക്രീനുകൾക്ക് അനുമതി, മലയാളസിനിമയിൽ ഇതാദ്യം !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ വാണിജ്യ വിജയമായി മധുരരാജ ഇപ്പോൾ കേരളവും കടന്ന് ചൈന, ഉക്രെയിൻ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ മൊഴിമാറ്റി പ്രദർശിപ്പിക്കാൻ ഉടമ്പടിയായിരിക്കുകയാണ്. ചൈനയിൽ ഇത് ആദ്യമായാണ് ഒരു മലയാളസിനിമ മൊഴിമാറ്റി കൂടുതൽ സ്‌ക്രീനുകളിൽ പ്രദർശനാനുമതി നേടിയിരിക്കുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് നെൽസൺ ഐപ്പ് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം 100 കൊടി കളക്ഷനിലേക്ക് ജൈത്രയാത്ര നടത്തുകയാണ്. അതിനൊരു മുതൽകൂട്ടായിരിക്കും ഈ വിദേശ ഭാഷാ റിലീസ്. മധുരരാജയുടെ നിർമ്മാതാവ് ശ്രീ. നെൽസൺ ഐപ്പും ബിഡ് സിനിമയുടെ സിഇഒ ശ്രീ. ജീവൻ എയ്യാലും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉടമ്പടി ഒപ്പ് വച്ചതോടെയാണ് “രാജയുടെ കളികൾ” കേരളം കടക്കാൻ പോകുന്നത്.

മധുരരാജ ചൈനയിൽ അടക്കം പ്രദർശനത്തിന് ഒരുങ്ങുന്നു എന്ന വിവരം നിർമ്മാതാവ് തന്നെ ഔദ്യോഗികമായി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

(ഫേസ്ബുക്കിൽ പുറത്തുവിട്ട കുറിപ്പ്..)

നെൽസൺ ഐപ്പ് സിനിമാസും ബിഡ് സിനിമയും കൈകോർക്കുന്നു. മധുരരാജ കടൽ കടന്ന് ആഗോളതലത്തിലേക്ക്. മലയാളസിനിമയുടെ കളക്ഷൻ തിരുത്തുന്ന മധുരരാജ കടൽ കടന്ന് വിദേശ ഭാഷകളിൽ പ്രദർശനത്തിനൊരുങ്ങുന്നു. മധുരരാജയുടെ നിർമ്മാതാവ് ശ്രീ. നെൽസൺ ഐപ്പും ബിഡ് സിനിമയുടെ സിഇഒ ശ്രീ. ജീവൻ എയ്യാലും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉടമ്പടി ഒപ്പ് വച്ചതോടെയാണ് “രാജയുടെ കളികൾ” കേരളം കടക്കാൻ പ്രാരംഭ നടപടികൾ ആരംഭിച്ചത്. അതാതു ഭാഷകളിലേക്ക് മൊഴിമാറ്റിയാണ് ചൈന, ഉക്രെയിൻ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പ്രദർശിപ്പിക്കുക.

ആർപ്പുവിളികളും കയ്യടികളുമായി ആസ്വാദകർ തിയറ്ററുകളിൽ ഉത്സവമൊരുക്കി സ്വീകരിച്ച മധുരരാജയ്ക്ക് വിദേശത്തും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ കണക്കുകൂട്ടൽ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അത്യുഗ്രൻ പെർഫോമൻസ് ആണ് ഈ മെഗാമാസ്സ്‌ സിനിമയുടെ ഹൈലൈറ്റ്. കഥാഗതിയെ നിർണ്ണയിക്കുന്ന വേട്ടപ്പട്ടി കൂട്ടങ്ങളും മലയാളസിനിമ ഇതുവരെ കാണാത്ത ത്രില്ലുകൾ സമ്മാനിക്കുന്ന അവിസ്മരണീയ സീനുകളും മധുരരാജയെ വേറിട്ട ഒരു കാഴ്ചാവിസ്മയമാക്കുന്നു. വിദേശ രാജ്യങ്ങളിൽ മധുരരാജ മൊഴി മാറ്റി പ്രദർശിപ്പിക്കുന്നത് മലയാള സിനിമയ്ക്ക് അഭിമാന നേട്ടമാകും.