ആറു വ്യത്യസ്ത ഗെറ്റപ്പില്‍ സൂര്യ; കട്ടക്ക് കൂടെ ലാലേട്ടനും; കെ.വി ആനന്ദ് ഒരുക്കുന്ന ‘കാപ്പാന്റെ’ ആദ്യ ടീസര്‍;മിനിറ്റുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗ്

മോഹന്‍ലാല്‍-സൂര്യ കോമ്പോയില്‍ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ ആദ്യ ടീസര്‍ പുറത്ത്. റിലീസ് ചെയ്തു മിനിറ്റുകള്‍ക്കകം ലക്ഷങ്ങളാണ് ടീസര്‍ കണ്ടിരിക്കുന്നത്. മോഹന്‍ലാല്‍-സൂര്യ എന്നിവര്‍ക്ക് പുറമെ ആര്യ, ബൊമന്‍ ഇറാനി, സമുദ്രകനി, സയീഷ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സബ്‌സ്‌കാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് തീയ്യേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് സുപ്രധാന റോളില്‍ മോഹന്‍ലാല്‍ കാപ്പാനില്‍ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുക. സൂര്യയുടെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാകും ചിത്രമെന്ന് ടീസറില്‍ നിന്ന് തന്നെ വ്യക്തം. അതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി മേജര്‍ ഹിറ്റുകള്‍ നല്‍കാന്‍ സാധിക്കാത്ത സൂര്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയാണ് കാപ്പാന്‍.

കെ.വി ആനന്ദ് -സൂര്യ ടീം ഒന്നിച്ച ആയണ്‍, ആദവന്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. കാപ്പാന് പുറമെ എന്‍.ജി.കെ, സ്വന്തം പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് അടുത്തതായി തീയ്യേറ്ററില്‍ എത്താനിരിക്കുന്നത്.