ഗർഭിണികളോടുള്ള ആദരവാണത്.. ആ കുഞ്ഞിനെ താൻ തൊട്ടപോലെ ഒരു മാനസിക സൗഖ്യം ഉണ്ടായി.. ഇങ്ങനെ തന്നെ ആയിരിക്കും ഞാന്‍ ; വിമർശകരോട് സുരേഷ് ഗോപി !

തൃശ്ശൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗർഭിണിയായ സ്ത്രീയുടെ വയറിൽ തലോടുന്ന എൻഡിഎ (ബിജെപി) സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ആ പെൺകുട്ടിക്ക് സാന്ത്വനമേകാൻ സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ്ഗോപി എത്തിയിരുന്നു. പുണ്യമായ ഒരു പ്രവർത്തിയെ മറ്റൊരു തരത്തിൽ ചിലർ കാണുന്നതിനെ രാധിക വിമർശിച്ചിരുന്നു. ആ കുട്ടിയോട് അതൊന്നും കാര്യമാക്കണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് സുരേഷ് ഗോപിയുടെ ഭാര്യ മടങ്ങിയത്. ഉടൻ തന്നെ തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ് സുരേഷ് ഗോപിയും ഈ പെൺകുട്ടിയുടെ അരികിലേക്ക് ഒരു ചേട്ടന്റെ മനസ്സോടെ എത്തുമെന്നും അറിയിച്ചു. എന്നാൽ താൻ സ്നേഹവാത്സല്യത്തോടെ ചെയ്ത പ്രവർത്തിയെ വിമർശിക്കുന്നവർക്ക് മറുപടിയായി സുരേഷ് ഗോപി പറയുന്നത് താന്‍ ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ഗര്‍ഭിണികളോടുള്ള തന്റെ ആദരവാണ് അതിലൂടെ കാണിച്ചതെന്നുമാണ്..

” ഞാന്‍ ഇനിയും ഇങ്ങനെ തന്നെയായിരിക്കും. ഇതാണ് ഞാന്‍. ഒരു ഗര്‍ഭിണിയെ കണ്ടാല്‍ എന്റെ ഒരു വലിയ ആദരവാണ് അത്. ആ കുഞ്ഞിനെ ഞാന്‍ തൊട്ടപോലെയാണ്. എനിക്ക് ഒരു ഭയങ്കരമായ മാനസിക സൗഖ്യം ഉണ്ടാവും”  സുരേഷ് ഗോപി പറഞ്ഞു.

സ്നേഹാതുരമായ ഒരു സഹോദര സ്പർശം എന്നും മകളുടെ പ്രായമുള്ള പെൺകുട്ടിയോട് സുരേഷ് ഗോപി കാണിച്ച വാത്സല്യം എന്നും കരുണ നിറഞ്ഞ പ്രവൃത്തി എന്നുമെല്ലാം പലരും പറയുമ്പോഴും ഇതിനെതിരെ കടുത്ത വിമർശനവും ട്രോളുകളും പ്രഹസനവുമായി കളം നിറയുകയാണ് മറ്റു ചിലർ. സുരേഷ് ഗോപി കാണിച്ചത് മോശമായി പോയെന്ന തരത്തിലും ഇതെല്ലാം തിരഞ്ഞെടുപ്പ് അനുബന്ധിച്ചുള്ള പ്രഹസനം മാത്രമാണെന്നുമെല്ലാം പറഞ്ഞാണ് ഇക്കൂട്ടർ രംഗത്ത് വന്നിരിക്കുന്നത്. തൃശ്ശൂരിൽ ബിജെപിയുടെ പുതിയ ഗൈനോക്കോളജിസ്റ്റിനെ പരിചയപ്പെടാം എന്ന തലക്കെട്ടോടെയാണ് ഒരു കൂട്ടം ആളുകൾ ഈ വിഡിയോ പങ്കുവച്ച് പരിഹാസവും എയ്യുന്നു. സംഭവം സദാചാര വിരുദ്ധമാണെന്നും ഗര്‍ഭിണിയുടെ വയറിൽ തൊടാൻ അവളുടെ ഭർത്താവിന് മാത്രമേ അധികാരമുള്ളൂവെന്നുമാണ് ഒരുകൂട്ടരുടെ പക്ഷം. ഏതായാലും സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച വളരെ സജീവമാണ്.