” മൂന്നാം ഭാഗത്തിൽ സൂര്യയെ വിളിക്കണേ..” – വൈശാഖിനോട് പൃഥ്വിരാജിന്റെ അപേക്ഷ ! #MinisterRaja

തിയറ്ററുകളിൽ വലിയ വിജയമായി കുത്തിക്കുകയാണ് മധുരരാജ. പോക്കിരിരാജക്ക് ശേഷം 9 വർഷങ്ങൾ കഴിഞ്ഞ് വൈശാഖ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ സംഭവിച്ച അന്നത്തെ രാജയുടെ തുടർച്ച മധുരരാജ ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പോക്കിരിരാജയിൽ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങൾ മധുരരാജയിലും അവർത്തിക്കപ്പെടുന്നുണ്ട്, എങ്കിലും മമ്മൂട്ടിയുടെ രാജ കഥാപാത്രത്തിന്റെ അനിയൻ സൂര്യയായി പോക്കിരിരാജയിൽ പ്രധാനവേഷമിട്ട പൃഥ്വിരാജ് മധുരരാജയിൽ അഭിനിച്ചിരുന്നില്ല. ലൂസിഫർ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു അദ്ദേഹം. എന്നാൽ അടുത്ത ഭാഗവും ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പൃഥ്വിരാജ് വൈശാഖിന്റെ പേജിൽ ഇട്ട ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

മധുരരാജയുടെ റിലീസിന് മുൻപ് വൈശാഖും സംഘവും ലൂസിഫർ കാണാൻ പോയിരുന്നു. വൈശാഖ് ലൂസിഫറിനെ അഭിനന്ദിച്ച പോസ്റ്റിനു കീഴെ വന്ന് ഒരു കമന്റിലൂടെ തന്റെ നന്ദിയറിയിച്ച പൃഥ്വിരാജ്, അതേ കമന്റിൽ തന്നെ “രാജ മൂന്നാം ഭാഗത്തിൽ സൂര്യയെ വിളിക്കണേ..പ്രതീക്ഷയോടെ രാജയെ നോക്കിക്കാണുന്നു” എന്നും കൂടി ചേർത്തു. മധുരരാജ ഒരു ബ്ലോക്ക്ബസ്റ്റർ വിജയം ആയി തീരുമ്പോൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ കമന്റും മൂന്നാം ഭാഗത്തിലെ പൃഥ്വിയുടെ തിരിച്ചുവരവും ഉറ്റുനോക്കുന്നത്.

രാജാ സീരിസിലെ അടുത്ത ചിത്രം മിനിസ്റ്റർ രാജാ അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിന് ഒരുക്കാനാണ് വൈശാഖും സംഘവും തയ്യാറെടുക്കുന്നത്. ഉദയകൃഷ്ണ തിരക്കഥയും നെൽസൺ ഐപ്പ് നിർമ്മാണവും ചെയ്തുകൊണ്ട് മധുരരാജയുടെ അതേ ടീം തന്നെയാണ് മിനിസ്റ്റർ രാജയും അണിയിച്ചൊരുക്കുന്നത്.