തൃശ്ശൂരിന്റെ സ്വന്തം ഗഡിയായി ഇട്ടിമാണി ; തൂവാനത്തുമ്പികൾക്ക് ശേഷം തൃശ്ശൂർ ഭാഷയിൽ രസിപ്പിക്കാൻ മോഹൻലാൽ, ഇത്തവണ മഞ്ജുവില്ല, നായികയാവുന്നത് കനലിന് ശേഷം ഹണി റോസ് !

മോഹൻലാൽ തൃശ്ശൂർക്കാരൻ ഇട്ടിമാണി ആയി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. രസകരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കോമഡി എന്റർടൈനർ ആയിരിക്കും ഇട്ടിമാണി. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന ഈ മോഹൻലാൽ ചിത്രം ഓണം റിലീസായാണ് ഒരുങ്ങുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി നിരവധി സിനിമകളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്.

ഇത്തവണ മഞ്ജുവാരിയർ അല്ല, ഹണി റോസാണ് നായിക. എം പത്മകുമാർ സംവിധാനം ചെയ്ത കനൽ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് വീണ്ടും മോഹൻലാലിന്റെ നായികയാവുകയാണ്. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരഭിനയിക്കുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.