പ്രായത്തെ വെല്ലും “ആക്ഷൻ രാജ” ; തിയറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച് മെഗാസ്റ്റാറിന്റെ നിറഞ്ഞാട്ടം – #റിവ്യൂ

2017 ന്യൂയര്‍ ദിവസമാണ് വൈശാഖ് തന്‍റെ അടുത്ത സിനിമ മമ്മൂട്ടിയോടൊപ്പം പോക്കിരി രാജയുടെ തിരിച്ചുവരവായിരിക്കും എന്ന് ഫെയ്സ്ബുക്ക് വഴി ആരാധകരോട് വെളിപ്പെടുത്തുന്നത്. 2010-ൽ ഏറ്റവും വലിയ പണംവാരി ചിത്രമായിരുന്ന പോക്കിരിരാജയിലെ രാജ എന്ന കഥാപാത്രം വർഷങ്ങൾക്കിപ്പുറം ഇന്ന് മധുരരാജയായി മമ്മൂട്ടിയിലൂടെ വീണ്ടുമെത്തിയപ്പോള്‍ പ്രേത്യേകിച്ചു മഹത്വവൽക്കരിക്കപ്പെടേണ്ട ഒരു സിനിമയാണ് മധുരരാജ എന്നതിലുപരി ഒരു പക്കാ തട്ടുപൊളിപ്പൻ ഫെസ്റ്റിവൽ എന്റർടൈനറായി രാജ മാറിയിരിക്കുന്നു.

ഈ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാവാൻ കെല്പുള്ള ഘടകങ്ങൾ, അതിനൊത്ത ചേരുവകൾ എല്ലാം കൂടിച്ചേരുകയാണ് മധുരരാജയിൽ. ഒരു പ്രത്യേകതരം പ്രേക്ഷകരെ മാത്രം തൃപ്തിപ്പെടുത്താതെ ഭൂരിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന, സംവിധായകൻ വൈശാഖ് എപ്പോഴും പ്രയോഗിച്ചു പോരുന്ന കോമഡി – മാസ്സ് – മസാല – കുടുംബ ചിത്രം എന്ന ട്രാക്ക് സിനിമയുടെ ആകെ കളക്ഷനിലും ലോങ്ങ്‌ റണ്ണിലും മികച്ച മുന്നേറ്റം സൃഷ്ടിക്കും എന്നതുറപ്പാണ്. ആരാധകർ മാത്രമല്ല കുടുംബ പ്രേക്ഷകർ എന്ന കൂട്ടം തിയറ്ററുകളിൽ തുടർച്ചയായി എത്തുമ്പോൾ ആണ് ഒരു സിനിമ വലിയ വിജയമാകുന്നത്. അത്തരത്തിൽ അവരെ തിയറ്ററിലേക്ക് എത്തിക്കാൻ വേണ്ട എല്ലാം മധുരരാജയിൽ ഒരുക്കിയിട്ടുണ്ട്.

കഥയിലേക്ക് വന്നാൽ..

വ്യാജമദ്യ ദുരന്തത്തിന്റെ കാഴ്ച്ചകളിൽ തുടങ്ങുന്ന ചിത്രം ഒരു ഒറ്റപ്പെട്ട തുരുത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതിപ്പാദിച്ച് മുന്നേറുമ്പോൾ അക്രമം പെരുകുന്ന അവിടേക്ക് ഒരു ദൗത്യവുമായി മമ്മൂട്ടിയുടെ മധുരരാജ കഥാപാത്രം എത്തുന്നതും തുടർന്ന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആ തുരുത്തിൽ വരുത്തുന്ന രാഷ്ട്രീയമാറ്റങ്ങളും ചില തിരിച്ചറിവുകളും എല്ലാം കഥാഗതിയാകുമ്പോൾ വളരെ വൈകാരികമായ പ്രണയവും, കുടുംബ ബന്ധങ്ങളും കഥയിൽ പ്രതിപാദിക്കുന്നുണ്ട്. തിരക്കഥയില്‍ ഉദയകൃഷ്ണ തന്‍റെ ദൗത്യം നന്നായി തന്നെ ചെയ്തപ്പോൾ വൈശാഖ് തന്റെ സംവിധാന മികവ് ഇനിയും മികച്ചതാക്കിയിരിക്കുന്നു. പുലിമുരുകനിൽ നിന്ന് മധുരരാജയിലേക്കെത്തിയപ്പോൾ ടെക്‌നിക്കലി വൈശാഖ് ഒരുപാട് വളർന്നതായി കാണാം.

മമ്മൂട്ടിയുടെ രാജാ വിളയാട്ടം..

രാജയായുള്ള മമ്മൂട്ടിയുടെ ഇന്‍ട്രോഡക്ഷന്‍ സീൻ മുതല്‍ സിനിമ അടിമുടി മമ്മൂട്ടിയുടെ ഒരു വണ്‍ മാന്‍ ഷോ തന്നെയായിരുന്നു. മമ്മൂട്ടി ഒരു 67 വയസ്സുകാരനാണ് എന്നുപോലും പ്രക്ഷകർ മറന്ന് പോകുന്ന തരത്തിലുള്ള അസാമാന്യ മെയ് വഴക്കത്തോടെയുള്ള ആക്ഷൻ രംഗങ്ങൾകൊണ്ട് ആവേശത്താൽ ത്രസിപ്പിക്കുകയാണ് മെഗാതാരം. കഴിഞ്ഞ ദശാബ്ദങ്ങളിൽ പോലും ഇത്ര എനെർജെറ്റിക്കായി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയുന്ന മമ്മൂട്ടിയെ മധുരരാജയിലെ പോലെ നിങ്ങൾ കണ്ട് കാണില്ല. മധുരരാജയായി മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന എൻട്രിയും ഇന്റർവെൽ ഭാഗവും പിന്നെ ഒടുക്കം ക്ലൈമാക്സ്‌ രംഗങ്ങളും മമ്മൂട്ടിയുടെ ആക്ഷൻ വിളയാട്ടമാണ് പ്രദർശിപ്പിക്കുന്നത്. ഇത് കാണുമ്പോൾ മമ്മൂട്ടിയുടെ ആരാധകർക്ക് മാത്രമല്ല. മനസിൽ മമ്മൂട്ടി എന്ന നടനോട് വെറുപ്പ് കൊണ്ടുനടക്കാത്ത എല്ലാവർക്കും ആവേശം ആവും എന്നത് തീർച്ചയാണ്. മധുരരാജ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ “മമ്മൂട്ടിയുടെ വിളയാട്ടമാണ്”. പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്ററിനെ ആവോളം വൈശാഖ് ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം ഗ്രാഫിക്‌സ് രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാനമായ നെടുംതൂണ്‍ ആവുന്നതും.

മമ്മൂട്ടിയുടെ രാജാ കഥാപാത്രത്തിന്റെ ചില ഇംഗ്ലീഷ് സംഭാഷണങ്ങളും, സലിം കുമാറിന്റെ ട്വിസ്റ്റ് നിറഞ്ഞ കോമഡിയും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. തമിഴ്‌നടന്‍ ജയ് അവതരിപ്പിക്കുന്ന ചിന്നന്‍, അനുശ്രീയുടെ വാസന്തി മഹിമ നമ്പ്യാർ അവതരിപ്പിച്ച കഥാപാത്രവും അവരവരുടെ മികവുറ്റ പ്രകടങ്ങളിലൂടെ കൈയ്യടി നേടിയപ്പോൾ ഷംന കാസിം, സലീം രാജ്, നെടുമുടുവേണു, വിജയരാഘവന്‍, സിദ്ദിഖ്, അജു വർഗ്ഗീസ്, നോബി തുടങ്ങിയ വലിയ താരനിര രാജയെ സമ്പന്നമാക്കുന്നു.

സിനിമയിലെ പാമ്പിൻതുരുത്ത് എന്ന യാഥാർഥ്യത്തിലെ വൈപ്പിൻ കരയുടെ പശ്ചാത്തലം ഒപ്പിയെടുത്ത ഷാജി കുമാറിന്‍റെ ക്യാമറയും മഹേഷ് നാരായണന്‍റെ എഡിറ്റിങ്ങും ചിത്രത്തെ കൂടുതല്‍ എന്‍ഗേജിങ്ങാക്കുന്നു. ഗോപി സുന്ദറിന്‍റെ ഗാനങ്ങളും ബിജിഎമും പ്രധാനമായും എടുത്ത് പറയേണ്ടതാണ്.

ചുരുക്കത്തിൽ, ഈ വിഷുക്കാലത്ത് കുടുംബത്തോടും കുട്ടികളോടുമൊത്ത് ആനന്ദത്തോടെ കണ്ടിരിക്കാൻ പറ്റിയ ഒരു ക്ലീൻ മാസ്സ് എന്റർടൈനർ സിനിമയാണ് മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിന്റെ മധുരരാജ.