4 ദിവസങ്ങൾക്കൊണ്ട് 32.4 കോടിയുടെ വരുമാനം സൃഷ്ടിച്ച് ‘ബോക്സ്‌ ഓഫീസ് രാജ’ ആയി ‘മധുരരാജ’ കുതിക്കുന്നു – ഔദ്യോഗിക റിപ്പോർട്ട്‌ പുറത്ത് !

ബോക്സ്‌ ഓഫീസിൽ മമ്മൂട്ടിയുടെ വിഷുക്കൊയ്ത്ത് ! വൈശാഖ് – മമ്മൂട്ടി ഫെസ്റ്റിവൽ ചിത്രം മധുരരാജ റിലീസ് ചെയ്തു നാലാം ദിവസം കഴിയുമ്പോൾ വേൾഡ് വൈഡ് ഗ്രോസ്സ് 32.4 കോടി നേടിയിരിക്കുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത് കരിയറിലെ ഒരു സർവ്വകാല റെക്കോർഡ് നേട്ടമാണ്. കേരളത്തിൽ നിന്ന് മാത്രമായി ചിത്രത്തിന് 16 കോടിയിലധികം രൂപയുടെ വരുമാനവും നാല് ദിവസം കൊണ്ടുണ്ടായി എന്നാണ് നിഗമനം. വിഷുക്കാല ദിനങ്ങൾ കൂടിയായത്ക്കൊണ്ടും ബോക്സ്‌ ഓഫീസിൽ മധുരരാജയുടെ കളക്ഷൻ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. വീക്കെൻഡ് കളക്ഷനിൽ കേരളത്തിലെ മൾട്ടിപ്ലെക്സുകളിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വരുമാനം സൃഷ്ടിച്ച ചിത്രമെന്ന ഖ്യാതിയും മധുരരാജ ഇതോടൊപ്പം സ്വന്തമാക്കുന്നുണ്ട്.

കുടുംബപ്രേക്ഷർ മധുരരാജയെ സ്വീകരിക്കുന്നതോടെയാണ് ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് കുതിപ്പിൽ വലിയ മാറ്റങ്ങളുണ്ടായത്. റിലീസ് ദിവസം കഴിഞ്ഞുവന്ന ദിവസങ്ങളിൽ ഒന്നിനൊന്ന് മികച്ച കളക്ഷനാണ് ചിത്രം നേടിയെടുത്തത്. ശനി ഞായർ അവധി ദിവസങ്ങളും വിഷുവും എല്ലാം മധുരരാജയ്ക്ക് തുണയായി. ഈ ദിവസങ്ങളിൽ പലയിടങ്ങളിലും ടിക്കറ്റ് കിട്ടാതെ ജനങ്ങൾ തിരിച്ചുപോകുന്ന അവസ്ഥ വരെയുണ്ടായി, അമ്പതിലധികം എക്സ്ട്രാ ഷോകൾ ചിത്രം കളിച്ചു, ഇതോടൊപ്പം കൂടുതൽ സ്ക്രീനിലേക്ക് ചിത്രം എത്തിയതും രാജയുടെ പ്രേക്ഷക സ്വീകാര്യത തെളിയിക്കുന്നതായി.

നാളുകൾക്കുശേഷം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി നല്ല അഭിപ്രായങ്ങളോടെ ആരാധകർക്കടക്കം ആഘോഷമാക്കി കാണാവുന്ന ഒരു മമ്മൂട്ടി ചിത്രം വന്നതിന്റെ പ്രഭാവമാണ് കാണാൻ സാധിക്കുന്നത്. ഭൂരിഭാഗം റിലീസ് കേന്ദ്രങ്ങളിലും തുടർച്ചയായ ഹൗസ്ഫുൾ ഷോകളോടെ സ്വപ്നാവഹമായ റൺ തുടരുകയാണ് ഇപ്പോൾ മധുരരാജ. ഉദയകൃഷ്‌ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്തു നെൽസൺ ഐപ്പ് നിർമ്മിച്ച മധുരരാജ ഏപ്രിൽ 12-നാണ് റിലീസ് ചെയ്തത്.