സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിന് മോഹൻലാൽ ഇറങ്ങുമോ ?? ; ” ഇല്ലാ.. അദ്ദേഹം അമേരിക്കയിൽ കുടുംബ ടൂറിലാണ്.. ഇലക്ഷൻ ഒക്കെ കഴിഞ്ഞേ നാട്ടിൽ തിരിച്ചെത്തൂ..” – രാഷ്ട്രീയത്തോട് നോ പറഞ്ഞ് സിനിമാ താരങ്ങൾ !!

പൊതുവെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളില്‍ സിനിമാ താരങ്ങൾ മത്സരിക്കാൻ ഇറങ്ങുമ്പോൾ സിനിമാ മേഖലയിലെ സൂപ്പർതാരങ്ങൾ അടക്കം താരങ്ങളായ മത്സരാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന ഒരു പതിവുണ്ട്. കെ ബി ഗണേഷ് കുമാറിന് വേണ്ടിയും ഇന്നച്ചനുവേണ്ടിയും മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വോട്ട് ചോദിച്ചിട്ടുണ്ട്. ജഗദീഷും മുകേഷുമൊക്കെ മത്സരിച്ചപ്പോഴും സൗഹൃദത്തിന്റെ പുറത്ത് വോട്ട് ചോദിക്കാന്‍ ചില നടീനടന്‍മാര്‍ രംഗത്ത് വന്നിരുന്നു. എന്നാൽ ഇത്തവണ അങ്ങിനെ അധികം താരസാന്നിധ്യം തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കണ്ടില്ല.

ആകെ ഇത്തവണ ഇന്നസെന്റിന് വേണ്ടി എം എല്‍ എ കൂടിയായ നടൻ മുകേഷ് മാത്രമാണ് ചാലക്കുടിയില്‍ ഒന്ന് വന്നുപോയത്. തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി മോഹൻലാൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്താക്കി മോഹൻലാൽ കുടുംബ ടൂറിനായി വിദേശത്തേക്ക് പുറപ്പെട്ടു. മോഹൻലാൽ അമേരിക്കയില്‍ ഭാര്യ സുചിത്രയുമൊരുമിച്ച് ഇപ്പോൾ പര്യടനം നടത്തുകയാണ്. ഇലക്ഷൻ കഴിഞ്ഞേ ഇനി മോഹൻലാൽ നാട്ടിലേക്ക് തിരിച്ചുവരൂ. സുരേഷ് ഗോപിക്ക് വേണ്ടി തൃശൂരില്‍ പ്രചരണത്തിനിറങ്ങാന്‍ മോഹന്‍ലാലിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന് മംഗളം റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ ഇതുമാത്രമല്ല ഇതിനിടയില്‍ സുരേഷ്ഗോപിക്ക് വേണ്ടി മഞ്ജു വാര്യരെ സമീപിച്ചുവെന്നും എന്നാല്‍ നടി ഒഴിഞ്ഞുമാറി എന്നും വാർത്തകളുണ്ട്.

പക്ഷെ സംവിധായകന്‍ മേജര്‍ രവി പി രാജീവിന്റെ തിരഞ്ഞെടുപ്പ് വേദിയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു എങ്കിലും സംഘപരിവാര്‍ ദേശീയവാദിയായി അറിയപ്പെടുന്ന ഈ മുന്‍ സൈനികന്‍ അതിനു ശേഷം മോദിയെ വീണ്ടും തിരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ട് കലാകാരന്മാര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇദ്ദേഹം തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചരണത്തിന് എത്തുമെന്നാണ് കേള്‍ക്കുന്നത്.

എറണാകുളം മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ്‌ സ്ഥാനാര്‍ത്ഥി പി. രാജീവുമായുള്ള സൗഹൃദബന്ധം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വന്നതല്ലാതെ ആശയപരമായി ഇടതു സഹയാത്രികനായ മമ്മൂട്ടിയെ തിരഞ്ഞെടുപ്പില്‍ ഇതുവരെ എവിടേയും കണ്ടിട്ടില്ല. തൃശൂര്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനും മമ്മൂട്ടിയെ അങ്ങോട്ട് ചെന്നുപോയിക്കണ്ട് ബന്ധം പുതുക്കിയതും സോഷ്യല്‍ മീഡിയയില്‍ വാർത്തയായിരുന്നു. സിനിമയിലെ സഹയാത്രികനായ നടൻ ഇന്നസെന്‍റിനായി മമ്മൂട്ടി വരുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. പൊതുവെ ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയ മമത പരമാവധി ഒഴിവാക്കി ഇതിൽ നിന്നെല്ലാം വിവാദം പറ്റാതെ മാറി നടക്കാൻ ശ്രമിക്കുകയാണ് താരങ്ങൾ എന്ന് വ്യക്തം.