നാനൂറ് വര്‍ഷമായി നിധി കാക്കുന്ന ബറോസിന്റെ അടുക്കലേക്ക് ഒരു കുട്ടി വരുന്നു…പിന്നീട്??? ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ മെനഞ്ഞും, പോസ്റ്റര്‍ ഡിസൈന്‍ ചെയ്തും ആരാധകര്‍; ആവേശം വാനോളം

മോഹന്‍ലാല്‍ ഒരു ചിത്രം സംവിധാനം ചെയ്യണമെങ്കില്‍ ആ സിനിമയുടെ കഥയെന്തായിരിക്കും, മലയാളം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഒരു കല സൃഷ്ടിയായിരിക്കില്ലേ അത്, ലാലേട്ടനോടൊപ്പം ആ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരായിരിക്കില്ലേ… രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ കാര്യം ഏതാണ്ട് വഴിമുട്ടി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് ബറോസ് എന്ന ചിത്രം. സ്വഭാവികമായും ഈ ചിത്രത്തെപ്പറ്റി അവര്‍ക്കിടയില്‍ താത്പര്യവും ജനിക്കും. അവരുടെ ചോദ്യങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു ഉത്തരം ലഭിച്ചില്ലെങ്കില്‍ അവര്‍ അത് ഭാവനയില്‍ സൃഷ്ടിക്കും.

അത്തരം ഏതാനം ഭാവനകളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ബറോസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന 3ഡി സിനിമയായിരിക്കുമെന്ന് ലാല്‍ വ്യക്തമാക്കി. തീരുമാനം മുന്‍കൂട്ടിയെടുത്തതല്ലെന്ന് കുറിച്ച മോഹന്‍ലാല്‍ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയുടെ സംവിധായകന്‍ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേയ്ക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. സംസാരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചുവെന്നും ലാല്‍ കുറിച്ചു. ‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍’ ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും ലാല്‍ പറയുന്നു.

നാനൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നതും അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം മോഹന്‍ലാല്‍ കുറിച്ചു. ചിത്രത്തില്‍ ബറോസ്സായി വേഷമിടുന്നതും ഞാന്‍ തന്നെ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം നന്നായിട്ടറിയാം എന്ന് കുറിക്കുന്ന ലാല്‍ ഇപ്പോള്‍ തന്റെ ശിരസ്സിലും ആ ഭാരം അമരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

‘അതിന്റെ കനം കുറേശ്ശേ കുറേശ്ശേ ഞാന്‍ അറിഞ്ഞു തുടങ്ങുന്നു. എന്റെ രാവുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളില്‍ നിന്നും ബറോസ് പുറത്തു വരും. കയ്യില്‍ ഒരു നിധി കുംഭവുമായി.. അയാള്‍ക്ക് മുന്നില്‍ നക്ഷത്രക്കണ്ണുള്ള ഒരു കുട്ടിയുണ്ടാവും…അവരുടെ കളിചിരികള്‍ ഉണ്ടാവും…വിസ്മയ സഞ്ചാരങ്ങള്‍ ഉണ്ടാവും. ആ വിശേഷങ്ങള്‍ ഞാന്‍ വഴിയേ പറയാം…’ ഇത്രയും പറഞ്ഞാണ് ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

ഇതോടെ സംവിധാനം മോഹന്‍ലാല്‍ എന്നു എഴുതി ഒട്ടേറെ പോസ്റ്ററുകള്‍ ആരാധകരുടെ ഭാവനയില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.