മധുരരാജ മുഴുവൻ സിനിമ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമം ; പതിനാലുകാരൻ പിടിയിൽ !

തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ മധുരരാജ തിയേറ്ററിനുള്ളില്‍ ഇരുന്ന് മുഴുവൻ സിനിമയും പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പോലീസിന്റെ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണയിലെ തിയേറ്ററിലാണ് ഈ സംഭവം അരങ്ങേറിയത്. പിടിക്കപ്പെടുമ്പോൾ ചിത്രത്തിന്റെ 50 മിനിറ്റ് വരുന്ന ഭാഗങ്ങൾ ഈ പതിനാലുകാരന്‍ മൊബൈലിൽ പകർത്തിയിരുന്നു.

വ്യാപകമായി തിയറ്ററുകളിൽ മധുരരാജ മൊബൈൽ വഴിയും മറ്റും പകർത്തപ്പെടുന്നുണ്ട് എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഫേസ്ബുക്, വാട്സ്ആപ്പ്, ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് നിത്യ സംഭവങ്ങളാണ്. എന്നാൽ ഈ പ്രവണത സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും, ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും, ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് ചിത്രം പകര്‍ത്തുന്നത് കണ്ടെത്തിയത്. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടിച്ചത്. നേരത്തെ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.