സോ, ഇൻസ്‌പെക്ടർ നിങ്ങൾ ജയിക്കുന്നു അല്ലേ? പക്ഷേ തോറ്റുപോകാൻ എനിക്കിഷ്ടമില്ലെങ്കിലൊ..”- 24-ാമത്തെ വയസ്സിൽ മോഹൻലാൽ ‘ജയരാജൻ’ ആയി ത്രസ്സിപ്പിച്ച ഉയരങ്ങളിലെ ക്ലൈമാക്സ് സീൻ

ഉയരങ്ങളിൽ 1984 ൽ പുറത്തിറങ്ങിയ ഐ.വി ശശി സംവിധാനം ചെയ്ത ഒരു മലയാള ത്രില്ലർ ചലച്ചിത്രമാണ്. എസ്. പാവമണി നിർമ്മിച്ച് ഈ ചിത്രത്തിൻറെ രചന എം.ടി. വാസുദേവൻ നായർ ആയിരുന്നു. മോഹൻലാൽ, നെടുമുടി വേണു, റഹ്മാൻ, കാജൽ കിരൺ, സ്വപ്ന, രതീഷ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ മോഹൻലാൽ കഥാപാത്രം ജയരാജൻ പോലീസിന്റെ വലയത്തിൻ കീഴിൽ അകപ്പെടുമ്പോൾ പറയുന്ന ഡയലോഗുകൾ മലയാളസിനിമാ ചരിത്രത്തിലെ തന്നെ മികച്ച ക്ലൈമാക്സ്‌ ഡയലോഗുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഒരു നായകന്റെ ഏറ്റവും ദീർഘമേറിയ ക്ലൈമാക്സ്‌ ഡയലോഗ് ഡെലിവറിയും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. മോഹൻലാലിന് ജയരാജൻ എന്ന ഈ കഥാപാത്രം ചെയ്യുമ്പോൾ വെറും 24 വയസ്സ് പ്രായം ഒള്ളൂ എന്നതും കൗതുകകരമായ വസ്തുതയാണ്.

ഏവരും കോരിത്തരിച്ചുപോയ ആ ക്ലൈമാക്സ്‌ സീനിലെ മോഹൻലാൽ ജയരാജനായി പറഞ്ഞ ഡയലോഗ് ഇതാ..

” നിനക്കെന്നെ അറിയില്ല. നിങ്ങൾക്കാർക്കും അറിയില്ല.. തന്തയില്ലാതെ തമ്പുരാന്റെ വീട്ടിലെ വേലക്കാരിക്കു പിറന്നവനാണ് ഞാൻ.. ഒരു മൂടു കപ്പ വിശന്നപ്പോ പറിച്ചു തിന്നതിന് എന്നെ തൂണില് കെട്ടിയിട്ട് അടിച്ചു.. ആളുകൾ എന്റെ തന്തയെന്നു പറയുന്ന ആ റാസ്കൾ.. നാടുവിട്ട ജയരാജന്റെ ക്വാളിഫിക്കേഷൻ വെറും ഒൻപതാം ക്ലാസ്.. വലിയവനായേ അടങ്ങൂ എന്ന് ശപഥം ചെയ്തവനാണു ഞാൻ എൽ.എൽ.ബി. ബോംബെ യൂണിവേഴ്സിറ്റി.. സൂപ്പർ ബിസിനെസ്സ് മാനായ ഫാദറടക്കം വീണു പോയില്ലേ.. കുത്തുപാളയിൽ പഴങ്കഞ്ഞി കുടിച്ചു വളർന്നവൻ കോടീശ്വരൻ ആകുന്നതിന്റെ അടുത്തു വരെ എത്തി, അല്ലേ.. ങാ പോട്ടെ. Good luck to you. പശ്ചാത്താപമില്ല.. കണ്ണുനീരില്ല.. കളി നന്നായി കളിച്ചു, അവസാനം വരെ.. പക്ഷേ തോറ്റുപോയി.. കളിച്ചതൊക്കെ എനിക്ക് ഇഷ്ടവും ആയി.. അതാണല്ലോ പ്രധാനം.. ഇവനോട് എന്തോ ഒരു ദൗർബല്യം.. അതുകൊണ്ടു വിട്ടുകളഞ്ഞതിനാലാണ് തെറ്റിപ്പോയത്.. സൊ ഇൻസ്‌പെക്ടർ നിങ്ങൾ ജയിക്കുന്നു അല്ലേ? പക്ഷേ തോറ്റുപോകാൻ എനിക്കിഷ്ടമില്ലെങ്കിലൊ..”

ഈ വാക്ക് ജയരാജൻ പറഞ്ഞ ആ നിമിഷം അയാൾ സ്വയം കൊക്കയിലേക്ക് എടുത്തുചാടുകയാണ്. ജയരാജനെ പിടിക്കാൻ വന്നവരും കണ്ട് നിന്നവരും അക്ഷരാർത്ഥത്തിൽ ഞെട്ടിതരിച്ചു നിന്നുപോയ രംഗം. അതോടെ ഉയരങ്ങളിൽ എന്ന ചിത്രം അവസാനിക്കുകയുമാണ്. വില്ലനും നായകനും ഒരാൾ ആകുന്ന ഗംഭീര പെർഫോമൻസ് അയിരുന്നു മോഹൻലാലിന്റേത്. ശരപഞ്ചരത്തിലെ ജയൻ അഭിനയിച്ച ശേഖരന് ശേഷം മലയാളികൾക്ക് മറക്കാൻ പറ്റാത്ത കഥാപാത്രമായിരുന്നു മോഹൻലാലിന്റെ ജയരാജൻ.

ഉയരങ്ങളിലെ ക്ലൈമാക്‌സ് രംഗം