2019 ഇതുവരെ മമ്മൂട്ടിയുടെ വർഷം ! അന്യഭാഷകളിൽ തൊട്ടതെല്ലാം പൊന്ന്.. മലയാളത്തിൽ ഒരു 100 കോടിചിത്രം എന്ന മോഹൻലാൽ റെക്കോഡ് മാത്രം ഇന്നും ഒരു വെല്ലുവിളിയായി മുന്നിൽ !!

ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും അവകാശപ്പെടാനാവാത്ത വിധം ഭാഷാന്തരങ്ങൾക്കുമപ്പുറം ചരിത്രം എഴുതുകയാണ് മലയാളികളുടെ അഭിമാനമായ നമ്മുടെ സ്വന്തം മമ്മൂക്ക. 2019 അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ തിരിച്ചുവരവുകൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ദേശിയ – അന്തർദേശിയ തലത്തിൽ വരെ മമ്മൂട്ടി എന്ന നാമം അഭിമാനത്തോടെ ഉച്ചരിക്കപ്പെടുന്ന സൃഷ്ടികൾ വിവിധ ഭാഷകളിലായി ഈ വർഷം തിരശീലയിൽ എത്തുന്നു.

തമിഴ് ചലച്ചിത്ര ലോകത്ത് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ അവാർഡ് നേടി കൊണ്ട് കടന്നു വന്ന സംവിധായകൻ റാം അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ തമിഴ് ചിത്രം ” പേരൻബ് ” അന്താരാഷ്ട്ര മേളകളിൽ തിളങ്ങി 2019 ഫെബ്രുവരി 1 മുതൽ ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്ത് ഏറെ പുകഴ്പ്പെട്ട് ജനങ്ങൾക്കിടയിൽ ചർച്ചയായതാണ്. ലോക സിനിമാ പ്രേക്ഷകരടക്കം തമിഴ് ചിത്രമായ പേരൻബിനെ ഹൃദയം കൊണ്ടുള്ള വാക്കുകളാൽ പ്രശംസിക്കുമ്പോൾ അവിടെയും മലയാളികൾക്ക് അഭിമാനത്തോടെ തലയുയർത്തി പിടിക്കാൻ കാരണമാകുന്ന പേരും “മമ്മൂട്ടി തന്നെ”.

തെലുഗ് ജനതയുടെ നായകൻ, അവർ ദൈവ സമാനമായ ആരാദനയോടെ നോക്കി കാണുന്ന YSR എന്ന് വിളിപേരുള്ള ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രി മൺമറഞ്ഞ വൈ. എസ്. രാജശേഖര റെഡ്ഡിയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന “യാത്ര” എന്ന തെലുഗു ചിത്രത്തിൽ YSR ന്റെ വേഷം ചെയ്ത് നായകനാവാൻ തെലുഗു സംവിധായകൻ മഹി രാഘവ് തിരഞ്ഞെടുത്തതും നമ്മുടെ മമ്മൂട്ടിയെ ! ഈ ചിത്രം 50 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

മലയാള സിനിമയിലും കൈനിറയെ ചിത്രങ്ങളുമായി ഈ വർഷം സജീവമാണ് മമ്മൂട്ടി. ബ്രഹ്മാണ്ട ചിത്രങ്ങളടക്കം 2019-ൽ മലയാളത്തിൽ പുറത്തു വരാനിരിക്കുന്ന ഒരുപിടി മമ്മൂട്ടിചിത്രങ്ങൾ പണിപുരയിലാണ്. ഏപ്രിലിൽ റിലീസ് ആവാൻ ഒരുങ്ങുന്ന മധുരരാജയാണ് 2019ലെ മമ്മൂട്ടിയുടെ ആദ്യ മലയാള ചിത്രം. ഇത് പല റെക്കോർഡുകളും തിരുത്തി കറിക്കുമെന്നാണ് പ്രതീക്ഷകൾ. മോഹൻലാലിന്റെ പുലിമുരുകൻ സൃഷ്ടിച്ച റെക്കോർഡ് മാത്രമാണ് മമ്മൂട്ടിക്ക് ഇതുവരെ മറികടക്കാൻ കഴിയാഞ്ഞത്. മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റ് മോഹൻലാലിന്റെ പേരിലാണ്. എന്നാൽ പുലിമുരുകൻ ടീമിന്റെ തന്നെയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന മധുരരാജ എന്നതും യാദൃശ്ചികമാണ്. മധുരരാജ 100 കോടി എന്ന സ്വപ്ന നേട്ടം കൊയ്യുമോ എന്ന് ആരാദകർക്ക് ഊഹങ്ങളുണ്ട്. കണ്ടറിയാം.

ഏതായാലും തമിഴ്, തെലുഗു ഒപ്പം മലയാളത്തിലും ഒരേ സമയം തന്റെ ചിത്രങ്ങൾ പ്രദർശനത്തിനെത്തുമ്പോൾ ഭാഷകൾക്കും ദേശങ്ങൾക്കും അപ്പുറം ഒരു നടൻ യാത്ര ചെയ്യുകയാണ്. ഇന്ത്യൻ സിനിമയിൽ ഒരു നടനും അവകാശപ്പെടാനാവാത്തത്ര ചരിത്രങ്ങൾ സൃഷ്ടിച്ച് എല്ലാതരം അതിർവരമ്പുകളും അഭിനയം എന്ന അഭിനിവേശത്താൽ ലംഘിച്ച് ആ മഹാനടൻ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യൻ സിനിമയുടെ മുഖമായി, ലോക മലയാളികളുടെ അഭിമാനതാരമായി, മെഗാസ്റ്റാർ മമ്മൂട്ടി വിസ്മയങ്ങൾ തീർത്തു കൊണ്ടിരിക്കുന്നു. മഹാനടന് ആശംസകൾ.