“അച്ഛാ,, ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട്.. എപ്പോഴും എനിക്ക് അച്ഛനെ ഇങ്ങനെ സിനിമയിൽ കാണാനാ ഇഷ്ടം;- സുരേഷ് ഗോപിയോട് മകൻ ഗോകുൽ സുരേഷ്

സുരേഷ് ഗോപി രാഷ്ട്രീയത്തിന് അവധി നല്‍കി സിനിമയിലേക്ക്.. മകന് ഒരുപാടൊരുപാട് സന്തോഷം. സിനിമയിലെ വെള്ളിവെളിച്ചത്തില്‍ ടെക്‌നിഷ്യന്‍സ്‌നൊപ്പം ഇങ്ങനെ അച്ഛനെ എപ്പോഴും കാണാനാ എനിക്കിഷ്ടം എന്ന് ഗോകുല്‍ ഏറെ സന്തോഷത്തോടെ പറഞ്ഞ വാക്കുകള്‍ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഒരുപാട് മനസ്സില്‍ തട്ടിയ വാക്കുകള്‍ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രത്തിന്റെ സെറ്റില്‍ മകന്‍ ഗോകുലും മകളും അച്ഛനെ കാണാന്‍ എത്തിയിരുന്നു. ആ ചിത്രവും സുരേഷ് ഗോപി പങ്കുവച്ചു.

നടനും രാജ്യസഭാംഗവും കൂടിയായ സുരേഷ് ഗോപി ഇനിയും താന്‍ സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ പ്രതിജ്ഞാബദ്ധനാണ് എന്നും പറയുന്നു. എപ്പോഴായാലും രാജ്യത്തിന്റെ സമൃദ്ധിക്ക് വേണ്ടി പ്രയത്‌നിക്കാന്‍ ഒരുക്കമാണെന്നും ആ ചുമതലകള്‍ ഓര്‍മ്മയുണ്ടെന്നും ചെയ്തുതീര്‍ക്കാന്‍ ഉള്ളത് ചെയ്യമെന്നും അദ്ദേഹം ഇതോടൊപ്പം കുറിക്കുന്നു.

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ തിരിച്ചെത്തുകയാണ്. മലയാളത്തില്‍ അല്ല, ‘തമിഴരശന്‍’എന്ന തമിഴ് സിനിമയിലൂടെയാണ് ഈ സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് വഴി പങ്കുവച്ചു. ഡോക്ടര്‍ ആയാണ് താരം ചിത്രത്തില്‍ എത്തുന്നത്. ഇതിനു മുമ്പ് അഭിനയിച്ച ശങ്കര്‍ ചിത്രം ‘ഐ’ യിലും സുരേഷ് ഗോപി ഡോക്ടര്‍ വേഷം തന്നെയാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷമായി സുരേഷ് ഗോപി സിനിമയില്‍ അഭിനയിച്ചിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആയിരുന്നു സുരേഷ് ഗോപിയുടെ അവസാന മലയാളചിത്രം.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിനിമയിലഭിനയിക്കുന്നത് കൊണ്ട് മല്‍സരിക്കാനില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ അതിന്റെ തിരക്കിലാണെന്നും സുരേഷ് ഗോപി പാര്‍ട്ടിയെ അറിയിച്ചു.