‘മോശം അഭിപ്രായമാണ്, അതു കൊണ്ട് കാണാനുള്ള ധൈര്യമില്ല’; മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിനെപ്പറ്റി ശ്യാം പുഷ്‌കരന്‍

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിര്‍ ധൈര്യമില്ലാത്തതിനാല്‍ താന്‍ കണ്ടില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. പ്രിയദര്‍ശന്റെ സിനിമകള്‍ തനിക്കിഷ്ടമാണെന്നും എന്നാല്‍ നിമിറിനെപറ്റി നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കാത്തത് കൊണ്ട് താന്‍ ചിത്രം കാണാന്‍ തുനിഞ്ഞില്ലെന്നും ശ്യാം പുഷ്‌കരന്‍ അഭി മുഖത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

ഉദയനിധി സ്റ്റാലിനും, നമിതാ പ്രമോദുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അഭിനയിത്തിലായാലും, സംവിധാനത്തിലായാലും മഹേഷിന്റെ പ്രതികാരം കാഴ്ചവെച്ച ക്വാളിറ്റി നിമിറിന് തരാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപവും നിലനിന്നിരുന്നു.

മലയാളി കൂടെയായ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥ അതേപടി നിലനിര്‍ത്തി കഥയിലെ പശ്ചാത്തലത്തില്‍ മാത്രമാണ് മാറ്റം വരുത്തിയിരുന്നത്.