ഒരു അഡാര്‍ ലവിന്റെ അണിയറയില്‍ സംഭവിച്ച യഥാര്‍ത്ഥ പ്രശ്‌നമെന്ത്? സിനിമയിലെ ടീച്ചര്‍ തുറന്നുപറയുന്നു

അഡാര്‍ ലവ് പല തീയ്യേറ്ററുകള്‍ വിട്ടൊഴിഞ്ഞിട്ടും തിരികൊളുത്തിയ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. പ്രിയ വാര്യരെപ്പറ്റി തങ്ങള്‍ക്ക് ‘നോ കമന്റ്‌സ്’ എന്ന് സംവിധായകന്‍ ഒമര്‍ ലുലുവും, സഹതാരമായ നൂറിനും കൈരളി ചാനലിലെ ജെ.ബി ജങ്ഷനില്‍ അഭിപ്രായപ്പെട്ടതോടെ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. ഇതിന്് പിന്നാലെ പ്രിയ വാര്യരുടെ ഇന്‍സ്ടാഗ്രാം സ്റ്റാറ്റസും ശ്രദ്ധേയമായി. സത്യങ്ങള്‍ താന്‍ തുറന്നു പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ സ്റ്റാറ്റസ്.

എന്നാല്‍ പ്രശ്‌നങ്ങളുടെ ആരംഭത്തെപ്പറ്റിയും, അണിയറയിലുണ്ടായ സംഭവങ്ങളെപ്പറ്റിയും സിനിമയിലെ ടീച്ചറുടെ വേഷം ചെയ്ത റോഷ്‌ന തുറന്നു പറയുകയാണ്.

ചിത്രത്തിലെ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണ്. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയാ വാരിയര്‍ എന്ന നടി വലിയ പ്രശസ്തിയിലെത്തി. അതോടെ സ്വാഭാവികമായും നിര്‍മാതാവിന്റെ മനസ്സു മാറുകയായിരുന്നു. ആരാണോ സിനിമ ഹിറ്റ് ആക്കുന്നത് അവരിലേക്ക് ആകുമല്ലോ പ്രൊഡ്യൂസറിന്റെ ചായ്‌വ്. പക്ഷേ ഇവിടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് ചിലരുടെ നിര്‍ബന്ധം കാരണം സംഭവിച്ചതാണ്.

ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി. നിര്‍മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു. പ്രിയ തിരിച്ചും.

ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കുമല്ലോ. നിർമാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു.

ഒന്ന് ചിന്തിച്ചു നോക്കൂ നായികയായി ഒരാളെ നിര്‍ത്തുന്നു. എന്നിട്ട് സിനിമയുടെ പാതി വച്ച് അയാളെ മാറ്റി മറ്റൊരാളെ നായികയാക്കുമ്പോള്‍ എന്തായിരിക്കും ആദ്യമെത്തിയ ആളിന് തോന്നുക. പക്ഷേ നൂറിന്‍ ഒരിക്കല്‍ പോലും ഷൂട്ടിങിനിടയില്‍ ഇതേപ്പറ്റി ഒരു സംസാരം ഉണ്ടാക്കുകയോ പരാതി പറയുകയോ ചെയ്തിരുന്നില്ല. വളരെ സൗഹാര്‍ദപരമായാണ് എല്ലാവരോടും ഇടപെട്ടത്. പക്ഷേ സിനിമയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവര്‍ക്കിടയിലും ഇല്ലാതെയായി. കഥ മാറ്റുന്നതിനും മറ്റുമായി സിനിമയ്ക്കിടയില്‍ വന്ന ഇടവേള പോലെ എല്ലാവരുടെ മനസ്സിലും അകലമായി. ആ അകലത്തെ കുറിച്ചായിരിക്കണം ഒമറിക്ക വിവാദമായ അഭിമുഖത്തില്‍ പറഞ്ഞത്.

നിര്‍മ്മാതാവ് ഔസേപ്പച്ചനും, സംവിധായകന്‍ ഒമര്‍ ലുലുവും