മലയാള സിനിമയിൽ വീണ്ടും ഗുണ്ടായിസം !!നിർമ്മാതാവ് ആൽവിൻ ആന്റണിയെ സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട് കേറി തല്ലി.. പരാതിയിൽ സൗത്ത് പോലീസ് കേസെടുത്തു..

പ്രശസ്ത നിർമ്മാതാവ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ പ്രമുഖ സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരേ പൊലീസ് കേസ്. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കയറി അക്രമം നടത്തിയെന്ന പരാതിയിൽ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗൺ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

അതേസമയം റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനെയും അക്രമിച്ചുവെന്ന പരാതിയിലാണ് കേസ്.

 

ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാൾക്കുണ്ടായിരുവെന്നും ഒരിക്കൽ താക്കീത് നൽകിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടർന്നപ്പോൾ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.

ഇതിന്റെ പ്രതികാരമായി തനിക്കെതിരേ ഇയാൾ തുടർച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാൻ വയ്യാതായപ്പോൾ ചോദിക്കാൻ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറിൽ ഇവർ തൊഴിച്ചുവെന്നും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി. ആൽവിൻ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരേ താനും പരാതി നൽകിയതായും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി